വിയറ്റ്‌നാമില്‍ തുറമുഖം നിര്‍മ്മിക്കാന്‍ ഒരുങ്ങി അദാനി

അദാനി പോര്‍ട്ട്‌സ് വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന നാലാമത്തെ തുറമുഖമാവും വിയറ്റ്‌നാമിലേത്.

author-image
anumol ps
New Update
gautam adani

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: വിഴിഞ്ഞത്തിന് പിന്നാലെ വിയറ്റ്‌നാമില്‍ പുതിയ തുറമുഖം നിര്‍മ്മിക്കാന്‍ ഒരുങ്ങി അദാനി. തുറമുഖം നിര്‍മിക്കാനുള്ള പദ്ധതിക്ക് വിയറ്റ്‌നാം ഗവണ്‍മെന്റിന്റെ പ്രാഥമിക അംഗീകാരവും അദാനി ഗ്രൂപ്പിന് ലഭിച്ചു. അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും ഗൗതം അദാനിയുടെ മൂത്ത മകനുമായ കരണ്‍ അദാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണ്ടെയ്‌നര്‍ ടെര്‍മിനല്‍, വിവിധോദ്ദേശ ബര്‍ത്തുകള്‍ തുടങ്ങി വിപുല സന്നാഹങ്ങളോടെയുള്ള തുറമുഖ നിര്‍മാണം ആസൂത്രണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. എത്രത്തോളം നിക്ഷേപം വേണ്ടിവരുമെന്ന് അന്തിമമായി തീരുമാനിച്ചിട്ടില്ല.

അദാനി പോര്‍ട്ട്‌സ് വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന നാലാമത്തെ തുറമുഖമാവും വിയറ്റ്‌നാമിലേത്. ഇസ്രായേലിലെ ഹൈഫ, ശ്രീലങ്കയിലെ കൊളംബോ, താന്‍സാനിയയിലെ പോര്‍ട്ട് ഓഫ് ദാറെസ് സലാം എന്നിവയാണ് മറ്റുള്ളവ. അന്താരാഷ്ട്ര സാമുദ്രിക വ്യാപാരത്തില്‍ ചൈന മേധാവിത്തം പുലര്‍ത്തുന്നതിനിടയില്‍, കൂടുതല്‍ പങ്ക് നേടിയെടുക്കാനാണ് അദാനിയുടെ ശ്രമം. അതുവഴി ഇന്ത്യയെ വാണിജ്യ കപ്പലുകളുടെ ഹബാക്കി മാറ്റാന്‍ കഴിയുമെന്ന് കരണ്‍ അദാനി അഭിപ്രായപ്പെട്ടു. നിര്‍മാണത്തിലും ജനസംഖ്യയിലും ഒരേപോലെ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളാണ് ലക്ഷ്യം വെക്കുന്നതെന്നും കരണ്‍ പറയുന്നു. അതുവഴി കയറ്റുമതിയില്‍ കൂടുതല്‍ പങ്കാളിത്തം നേടാം.

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വാണിജ്യ വ്യാപാര ഉടമയാണ് അദാനി പോര്‍ട്ട്‌സ്. അടുത്ത ആറു വര്‍ഷം കൊണ്ട് അന്താരാഷ്ട്ര കപ്പല്‍ വാണിജ്യത്തിന്റെ 10 ശതമാനം കൈപ്പിടിയില്‍ ഒതുക്കുകയാണ് ലക്ഷ്യം.

 

vietnam adani