ന്യൂഡല്‍ഹി: അംബുജ സിമന്റ്‌സിലേക്ക് അധിക നിക്ഷേപത്തിന് ഒരുങ്ങി അദാനി കുടുംബം. 8,339 കോടി രൂപയാണ് അദാനി അംബുജ സിമന്റ്‌സില്‍ അധികമായി നിക്ഷേപിക്കുന്നത്. അംബുജ സിമന്റ്‌സിന്റെ പ്രൊമേട്ടര്‍മാരാണ് അദാനി കുടുംബം. ഇതോടെ അദാനിക്ക് നിലവില്‍ കമ്പനിയിലുള്ള മൊത്ത നിക്ഷേപം 20,000 കോടി രൂപയായി. ഓഹരി പങ്കാളിത്തത്തിലും വര്‍ധനവ് രേഖപ്പെടുത്തി. ഓഹരി പങ്കാളിത്തം 70.3 ശതമാനമായാണ് വര്‍ധിച്ചത്. മുമ്പ് ഇത് 63.2 ശതമാനമായിരുന്നു. എന്‍.എസ്.ഇയില്‍ 1.55 ശതമാനം ഉയര്‍ന്ന് 627.10 രൂപയിലാണ് അംബുജ സിമന്റ്‌സ് ഓഹരികളുടെ വ്യാപാരം നടക്കുന്നത്.
അദാനി കുടുംബം 2022 ഒക്ടോബറില്‍ അംബുജ സിമന്റ്‌സില്‍ 5,000 കോടി രൂപയും 2024 മാര്‍ച്ചില്‍ 6,661 കോടി രൂപയും നിക്ഷേപിച്ചിരുന്നു. 20,000 കോടി രൂപയെന്നത് അംബുജയില്‍ അദാനി കുടുംബത്തിന്റെ പ്രാഥമിക നിക്ഷേപം മാത്രമാണ്. 2028ഓടെ കമ്പനിയെ പ്രതിവര്‍ഷം 140 ദശലക്ഷം ടണ്‍ ശേഷി കൈവരിക്കുന്ന തലത്തിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.