ന്യൂഡല്‍ഹി: അദാനി പവര്‍, അംബുജ സിമന്റ്സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വില്‍ക്കാന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. കടബാധ്യത കുറയ്ക്കുന്നതിനാണ് ഓഹരികള്‍ വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇരു കമ്പനികളിലെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വിറ്റ് കടംകുറയ്ക്കാനാണ് നീക്കമെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ പാദത്തിലെ കണക്കു പ്രകാരം അദാനി പവറില്‍ 72.71 ശതമാനവും അംബുജ സിമന്റ്സില്‍ 70.33 ശതമാനവും ഓഹരി പങ്കാളിത്തമാണ് അദാനി ഗ്രൂപ്പിനുള്ളത്. ബ്ലോക്ക് ഡീലുകള്‍ വഴിയോ ഓഫര്‍ ഫോര്‍ സെയിലൂടെയോ 20,000 കോടി മൂല്യമുള്ള ഓഹരികള്‍ കൈമാറിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അദാനി പവറിന്റെ ഓഹരി വിലയില്‍ 1.2 ശതമാനം ഇടിവുണ്ടായി. 686.75 നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. അംബുജ സിമെന്റ്സിന്റെ ഓഹരി വിലയാകട്ടെ 0.5 ശതമാനം ഉയര്‍ന്ന് 632.5 രൂപ നിലവാരത്തിലുമെത്തി. ഒരു വര്‍ഷത്തിനിടെ അംബുജ സിമന്റ്സിന്റെ ഓഹരി വിലയില്‍ 18 ശതമാനം മുന്നേറ്റമാണുണ്ടായത്. അദാനി പവറിന്റെ വില 2024ല്‍ 30 ശതമാനം ഉയരുകയും ചെയ്തു.