മുംബൈ: ഇസ്രായേലി ചിപ്പ് ഫാബ്രിക്കേഷൻ കമ്പനിയായ ടവർ സെമി കണ്ടക്ടറുമായി കൈകോർത്ത് അദാനി ഗ്രൂപ്പ്. ഇന്ത്യയിൽ ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റ് തുടങ്ങാൻ ടവർ സെമി കണ്ടക്ടർ കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഒരു ഇന്ത്യൻ കമ്പനിയുമായി ചേർന്ന് യൂണിറ്റ് സ്ഥാപിക്കാൻ ആയിരുന്നു കേന്ദ്രസർക്കാറിന്റെ നിർദ്ദേശം. ഇതേ തുടർന്നാണ് ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റ് തുടങ്ങാൻ ഇരുകമ്പനികളും തമ്മിൽ ധാരണയായത്. ഇവരുടെ വ്യവസായ യൂണിറ്റിന് മഹാരാഷ്ട്രയിൽ പനവേലിലെ തലോജ ഐഎംഡിസിയിൽ അംഗീകാരം നൽകിയതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
ആകെ 83947 കോടി രൂപയുടെ വ്യവസായി യൂണിറ്റിനാണ് അംഗീകാരം നൽകിയത്. ഇതടക്കം വമ്പൻ തൊഴിലവസരങ്ങൾ നൽകുന്ന മൂന്ന് വ്യവസായ പദ്ധതികൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. മൂന്നു പദ്ധതികളിൽ നിന്നുമായി 1,20,220 കോടി രൂപയുടെ നിക്ഷേപമാണ് മഹാരാഷ്ട്രയിൽ എത്തുക. ഇതുവഴി 14800 പേർക്ക് തൊഴിലവസരം ഉണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി വ്യക്തമാക്കി. പൂനയിൽ സ്കോഡയുടെ ഹൈബ്രിഡ് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയും ഛത്രപതി സമ്പാജി നഗറിൽ ടയോട്ട കിർലോസ്കറിന്റെ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയുമാണ് മറ്റ് വ്യവസായ പദ്ധതികൾ.