ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖമായ മുന്ദ്ര പോര്‍ട്ടില്‍ നിക്ഷേപം നടത്താന്‍ അദാനി ഗ്രൂപ്പിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. 45,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് അനുമതി. അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് മുന്ദ്ര പോര്‍ട്ട്. തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കുന്നതിനുള്ള പാരിസ്ഥിതിക അനുമതിയാണ് അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോണിക് സോണ്‍ (എ.പി.എസ്.ഇ.ഇസഡ്) നേടിയിരിക്കുന്നത്. 2031ല്‍ അവസാനിക്കുന്ന 30 വര്‍ഷത്തെ തുറമുഖ നടത്തിപ്പ് കരാര്‍ ഗുജറാത്ത് സര്‍ക്കാരിനോട് നീട്ടി ചോദിക്കാനും ഇതുവഴി അദാനിക്ക് കഴിയും.
ഗുജറാത്തിലെ കച്ച് ജില്ലയിലാണ് മുന്ദ്ര തുറമുഖം സ്ഥിതി ചെയ്യുന്നത്. നിലവില്‍ പ്രതിവര്‍ഷം 289 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതിയാണ് മുന്ദ്ര തുറമുഖത്തിനുള്ളത്. ഇത് 514 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് അദാനി ഗ്രൂപ്പിന്റെ പദ്ധതി. 2024 സാമ്പത്തിക വര്‍ഷം 179.6 ദശലക്ഷം മെട്രിക് ടണ്‍ ചരക്കാണ് തുറമുഖം കൈകാര്യം ചെയ്തത്. ഇന്ത്യയുടെ ആകെ ചരക്കുനീക്കത്തിന്റെ 27 ശതമാനവും കണ്ടെയ്നര്‍ കാര്‍ഗോയുടെ 44 ശതമാനവുമാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ദശലക്ഷം മെട്രിക് ടണ്‍ കടക്കുമെന്നാണ് കരുതുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ തുറമുഖമെന്ന ബഹുമതിയും മുന്ദ്ര സ്വന്തമാക്കും. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമെന്ന വിശേഷണവും മുന്ദ്രക്കുണ്ട്.