ന്യൂഡല്‍ഹി: സിമന്റ് കമ്പനികളെ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള പെന്ന സിമന്റ്, ഗുജറാത്ത് ആസ്ഥാനമായുള്ള സൗരാഷ്ട്ര സിമന്റ്, ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ സിമന്റ് ബിസിനസ്, എബിജി ഷിപ്പ്യാര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വദരാജ് സിമന്റ് എന്നിവയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അദാനി ഗ്രൂപ്പ് 3 ബില്യണ്‍ ഡോളര്‍ ആണ് ചെലവഴിക്കുക. സിമന്റ് ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് അദാനി ഗ്രൂപ്പിന്റെ നീക്കം.അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെക്കിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് നിര്‍മ്മാതാക്കളാകാന്‍ ആണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
അംബുജ സിമന്റും എസിസി ലിമിറ്റഡും നിലവില്‍ അദാനിയുടെ ഉടമസ്ഥതയിലാണ്. ഇവയുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷി 77.4 ദശലക്ഷം ടണ്‍ ആണ്. രാജ്യത്തുടനീളമുള്ള 18 സംയോജിത പ്ലാന്റുകളില്‍ നിന്നും 18 ഗ്രൈന്‍ഡിംഗ് യൂണിറ്റുകളില്‍ നിന്നുമാണ് ഇവ വിപണിയിലെത്തിക്കുന്നത്. അടുത്തിടെ, സിമന്റ് ഉല്‍പ്പാദന ശേഷി കൂടുതല്‍ വിപുലീകരിക്കുന്നതിനായി സംഘി ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അദാനി ഏറ്റെടുത്തിരുന്നു. 2028 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യന്‍ സിമന്റ് വിപണിയുടെ 20 ശതമാനവും പിടിച്ചെടുക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.