ന്യൂഡല്‍ഹി: ആദ്യ നിക്ഷേപ സമാഹരണത്തിന് തയ്യാറെടുത്ത് അദാനി എനര്‍ജി. 8,400 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അദാനി എന്റര്‍പ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) റദ്ദാക്കിയതിന് ശേഷമുള്ള അദാനി ഗ്രൂപ്പിന്റെ ആദ്യ നിക്ഷേപ സമാഹരണമാണിത്.
ഈ ആഴ്ചയോ അടുത്ത ആഴ്ചയോ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് (ക്യുഐപി) നടത്താന്‍ കമ്പനി ആലോചിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്, ജെഫറീസ് എന്നിവരെ അദാനി എനര്‍ജി ഉപദേശകരായി നിയമിച്ചിട്ടുണ്ട്.
അദാനി എനര്‍ജി ഓഹരി മൂല്യം കഴിഞ്ഞ മാസം സെന്‍സെക്സിലെ 2.94% നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.4% ആണ് ഉയര്‍ന്നത്. 35%-ത്തിലധികം വിപണി വിഹിതമുള്ള ഇന്ത്യയിലെ മുന്‍നിര സ്വകാര്യ മേഖല പവര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കമ്പനികളിലൊന്നാണ് അദാനി എനര്‍ജി. മുംബൈ, മുന്ദ്ര സെസുകള്‍ക്കുള്ള വൈദ്യുതി വിതരണ ലൈസന്‍സുകളും കമ്പനിക്കുണ്ട്. ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ അദാനി എനര്‍ജി പ്രവര്‍ത്തന വരുമാനം 5,379 കോടി രൂപയാണ് . കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 3,664 കോടി രൂപയില്‍ നിന്ന് 47% ആണ് വര്‍ധന.