തിരുവനന്തപുരം : ഇലക്ട്രിക് വാഹന ഉപഭോക്താക്കളുടെ സ്ഥിരം പരാതിയാണ് ആവശ്യത്തിനുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഇല്ല എന്നത്. എന്നാല്‍ ഇപ്പോള്‍ ഇതിന് പരിഹാരം കണ്ടിരിക്കുന്നു. 2,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് കോസ്‌ടെക്ക്.
ഇതിനായി കോസ്‌ടെക്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷന്‍) ചെന്നൈ ആസ്ഥാനമായുള്ള ഈസിഗോ എന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു.
അത്യാധുനിക ജര്‍മ്മന്‍ സാങ്കേതികവിദ്യയിലാണ് ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാണ് 2000 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ചെറുകാറുകള്‍ മുതല്‍ ട്രക്കുകള്‍ വരെയുള്ള വിവിധ വാഹനങ്ങള്‍ക്ക് അതിവേഗ ചാര്‍ജിംഗ് ഈ സ്റ്റേഷനുകളില്‍ നിന്ന് സാധ്യമാകും. ക്ലൗഡ് മാനേജ്‌മെന്റ് സിസ്റ്റവും മൊബൈല്‍ ആപ്പും ഉപയോഗിച്ചാണ് പേയ്‌മെന്റ് സംവിധാനം.
ഗ്രാമീണ മേഖലയില്‍ ചാര്‍ജിംഗ് സ്റ്റേഷനുകല്‍ ഇല്ലാത്തത് ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്ക് എപ്പോഴും ഒരു വെല്ലുവിളിയാണ്. ഗ്രാമീണ പ്രദേശങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും. ഉള്‍നാടന്‍ പ്രദേശത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതോടെ ഉള്‍നാടുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രോത്സാഹനമാകും.