ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഉപയോഗത്തിനായുള്ള സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്കായി അമേരിക്കന്‍ ഇവി വാഹന നിര്‍മാതാക്കളായ ടെസ്ല ടാറ്റാ ഇലക്ട്രോണിക്‌സുമായി കരാറില്‍ ഒപ്പിട്ടു. ഇന്ത്യയില്‍ വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കവെയാണ് ടെസ്ലയുടെ പുതിയ നീക്കം. ടെസ്ലയും ടാറ്റയും കരാര്‍ ഉറപ്പിച്ചിരുന്നതായി മുന്‍പ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ഈ മാസം ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാകും വാഹന നിര്‍മാണ പ്ലാന്റ് ഉള്‍പ്പെടെയുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തുക. ഇന്ത്യയില്‍ ഏകദേശം 25,000 കോടി രൂപയുടെ (മൂന്ന് ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) നിക്ഷേപം നടത്താനാണ് ടെസ്ല പദ്ധതിയിടുന്നത്.
നയങ്ങളില്‍ കേന്ദ്രം മാറ്റങ്ങള്‍ വരുത്തിയിരുന്നു. 30 ലക്ഷത്തിന് മുകളില്‍ വരുന്ന ഇലക്ട്രോണിക് വാഹനങ്ങള്‍ 15 ശതമാനം ഇറക്കുമതി തീരുവയില്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍മാതാക്കളെ പ്രാപ്തരാക്കുക എന്നായിരുന്നു പുതിയ നയം. എന്നാല്‍ ഇന്ത്യയില്‍ വാഹന നിര്‍മ്മാണം സാധ്യമാക്കുന്നതിനായി നാലായിരം കോടി രൂപയിലധികം നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. ആദ്യഘട്ടത്തില്‍ പ്രീമിയം മോഡലുകള്‍ക്കായിരിക്കും മുന്‍ഗണന.
വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്.