ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാഹന നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല. ഇതു സംബന്ധിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ചര്‍ച്ചകള്‍ നടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമാകും തീരുമാനമെന്നും വാഹന വ്യവസായ രംഗത്തേക്ക് കടക്കാനല്ല റിലയന്‍സ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മറിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുക മാത്രമായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൂടാതെ ടെസ്ല ജര്‍മനിയിലെ പ്ലാന്റില്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വാഹനങ്ങളുടെ ഉത്പാദനവും ആരംഭിച്ചിരുന്നു. ഇന്ത്യന്‍ വിപണിയിലേക്ക് കാറുകളെ ഇറക്കുമതി ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ഇതെന്നാണ് സൂചന. അതേസമയം, ഏതു മോഡലാണ് ഇന്ത്യന്‍ വിണിയിലേക്ക് കയറ്റുമതി ചെയ്യുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇന്ത്യയിലേക്ക് വരുന്നതിനായി രണ്ട് ബില്യണ്‍ ഡോളറിന്റെ (ഏകദേശം 16,600 കോടി രൂപ) പദ്ധതിയാണ് ടെസ്ല വിഭാവനം ചെയ്യുന്നത്. ഫാക്ടറി സ്ഥാപിക്കാനായി തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പല സ്ഥലങ്ങളും പരിഗണിക്കുന്നുണ്ട്. എന്നാല്‍ മഹാരാഷ്ട്രയ്ക്കാണ് കൂടുതല്‍ സാധ്യതയെന്നാണ് ലഭ്യമാകുന്ന വിവരം. രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ കൂടാതെ കയറ്റുമതിക്കായുള്ള വാഹനങ്ങളും ഇന്ത്യയില്‍ നിര്‍മ്മിക്കാനായിരിക്കും കമ്പനിയുടെ നീക്കം.