മുംബൈ: ടെസ്ലയുടെ റോബോ ടാക്സി ഉടൻ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. പൂർണമായും സ്വയമാണ് ഈ വാഹനം പ്രവർത്തിക്കുക. ഇന്ത്യൻ സമയം ഒക്ടോബർ 11 ന് രാവിലെ 7.30 ന് നടക്കുന്ന 'വി, റോബോട്ട്' എന്ന പരിപാടിയിൽ വെച്ചാണ് പുതിയ വാഹനം അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
റോബോടാക്‌സിയുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമല്ല. 'സൈബർ കാബ്' എന്ന പേരിലാണ് ഇത് അവതരിപ്പിക്കുകയെന്നും സൈബർ ട്രക്കിന് സമാനമായ ഡിസൈൻ ആയിരിക്കും ഇതിനെന്നും പറയപ്പെടുന്നു. പരിപാടിയിൽ റോബോ ടാക്‌സിയുടെ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാനും സാധ്യതയുണ്ട്. സൈബർ കാബിന് സ്റ്റിയറിങ് വീലോ, പെഡലുകളോ ഉണ്ടാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ യുഎസിലെ ഫെഡറൽ മോട്ടോർ സേഫ്റ്റി നിയമങ്ങൾക്ക് എതിരാണ് ഈ രൂപകല്പന. അതുകൊണ്ടു തന്നെ സൈബർ കാബ് നിരത്തിലിറങ്ങാൻ ഔദ്യോഗികമായ നടപടി ക്രമങ്ങൾ പാലിക്കേണ്ടി വരും.
സൈബർ കാബ് അവതരിപ്പിക്കുന്നതിനൊപ്പം കമ്പനിയുടെ റൈഡ് ഹെയ്‌ലിങ് ആപ്പും അവതരിപ്പിച്ചേക്കും. ഇതോടൊപ്പം പൂർണമായും ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന സൈബർ വാനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പരിപാടിയിൽ പുറത്തുവിടാനിടയുണ്ട്.