ന്യൂഡൽഹി: വാഹന വിൽപ്പനയിൽ കുതിച്ച് മാരുതി ഫ്രോങ്ക്‌സ്. വിപണിയിൽ എത്തി ഒന്നര വർഷംകൊണ്ട് രണ്ട് ലക്ഷം യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. ഇതോടെ പാസഞ്ചർ കാറുകളിൽ ഏറ്റവും വേഗത്തിൽ രണ്ട് ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടം ഫ്രോങ്ക്‌സിന് സ്വന്തമായി.
2023 ഡൽഹി ഓട്ടോ എക്സ്പോയിലാണ് ഫ്രോങ്സിന്റെ പ്രൊഡക്ഷൻ മോഡൽ പ്രദർശനത്തിന് എത്തുന്നത്. പിന്നീട് ഏപ്രിലിലാണ് വാഹനത്തിന്റെ വിൽപ്പന ആരംഭിച്ചത്. ആദ്യ പത്തുമാസത്തിൽ തന്നെ ഒരു ലക്ഷം യൂണിറ്റ് നിരത്തുകളിൽ എത്തിയിരുന്നു. അടുത്ത ഒരു ലക്ഷം ഏഴ് മാസംകൊണ്ടാണ് കൈവരിച്ചത്.
ഗ്രാൻഡ് വിറ്റാരയുടെ രൂപകല്പനയും ഡിസൈനും മറ്റു സവിശേഷതകളുമായാണ് ഫ്രോങ്ക്‌സിന്റെ വരവ്. 1.2 ലിറ്റർ കെ-സീരീസ്, ഒരു ലിറ്റർ ടർബോ ചാർജ്ഡ് ബൂസ്റ്റർ ജെറ്റ് എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്. 7.51 ലക്ഷം മുതൽ 13.04 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്സ്-ഷോറൂം വില.