ഇന്ത്യയിലെ ആദ്യത്തെ മിഡ്-സൈസ് കോംപാക്‌ട് എസ്‌യുവികളിൽ ഒന്നാണ് റെനോ ഡസ്റ്റർ. ഫ്രഞ്ച് വാഹന നിർമാതാക്കളുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ കൂടിയായിരുന്നു ഇത്. ഒരുകാലത്ത് എല്ലാവരും സ്വന്തമാക്കാൻ ഇഷ്‌ടപ്പെട്ടിരുന്ന ഡസ്റ്റർ പിന്നീട് ആധുനിക എതിരാളികൾക്കിടയിൽ കുടുങ്ങി മരണപ്പെടുകയായിരുന്നു. കാലാതീതമായ മാറ്റങ്ങളില്ലാതിരുന്നതാണ് ഡസ്റ്ററിന് തിരിച്ചടിയായിരുന്നത്. പിൻഗാമിയായി കൊണ്ടുവന്ന പലർക്കും ഈ മോഡലിന്റെ വിജയം കൈവരിക്കാനായതുമില്ല.
നിലവിൽ കാര്യമായ വിൽപ്പന കണക്കുകളൊന്നുമില്ലാതെ ഇഴഞ്ഞുനീങ്ങുന്ന റെനോയ്ക്ക് രക്ഷകനായി ഡസ്റ്റർ പുനരവതരിക്കുമെന്ന വാർത്തകളും ഇടയ്ക്ക് പുറത്തുവരാറുണ്ട്. ഇപ്പോഴിതാ ഒക്ടോബർ 14-ന് ആരംഭിക്കുന്ന 2024 പാരീസ് മോട്ടോർ ഷോയിലെ അരങ്ങേറ്റത്തിന് മുന്നോടിയായി റെനോയുടെ ഉപ ബ്രാൻഡായ ഡാസിയ യൂറോപ്യൻ മാധ്യമങ്ങൾക്കായി മൂന്ന്-വരി ബിഗ്സ്റ്റർ വെളിപ്പെടുത്തിയിരിക്കുകയാണ്. ഡസ്റ്ററിന്റെ പുതുതലമുറ പതിപ്പിനെ വിദേശ വിപണികളിൽ വിശേഷിപ്പിക്കുന്ന പേരാണ് ബിഗ്സ്റ്റർ എന്നത്.
അടുത്ത വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കാനിരിക്കുന്ന പുതുതലമുറ ഡസ്റ്ററിന് ശേഷമായിരിക്കും 7 സീറ്റർ പതിപ്പിനെ കമ്പനി പരിചയപ്പെടുത്തുക. ഇന്ത്യക്കാർക്ക് വലിയ 7-സീറ്റർ എസ്‌യുവികളോട് ഇപ്പോഴുള്ള അടുപ്പം മുതലെടുക്കാൻ ഫ്രഞ്ച് ബ്രാൻഡ് വിജയിച്ചാൽ പഴയ പ്രതാപത്തിലേക്ക് എത്തുക എളുപ്പമായിരിക്കും. ഡാസിയയുടെ പരിചിതമായ ഡിസൈൻ നിലനിർത്തിയാണ് മൂന്നുവരി ബിഗ്സ്റ്ററിനെയും പണികഴിപ്പിച്ചിരിക്കുന്നത്.
പുതിയ തലമുറ ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഗ്സ്റ്ററിന് 230 മില്ലീമീറ്റർ അധിക നീളമുണ്ട്. മൊത്തത്തിൽ 4,570 മില്ലീമീറ്റർ നീളവും 1,810 മില്ലീമീറ്റർ വീതിയും 1,710 മില്ലീമീറ്റർ ഉയരവും 2,700 മില്ലീമീറ്റർ വീൽബേസുമാണ് 7 സീറ്റർ എസ്‌യുവിക്കുള്ളത്. 2021-ൽ കൺസെപ്റ്റ് മോഡലിനൊപ്പം കണ്ട മിക്ക ഫീച്ചറുകളും പ്രൊഡക്ഷൻ മോഡലിൽ നിലനിർത്തിയിട്ടുണ്ടെന്നതാണ് രസകരമായ മറ്റൊരു സംഗതി.
2025 ബിഗ്‌സ്റ്ററിന് വൈറ്റ് ഡാസിയ ബാഡ്‌ജിംഗും Y-ആകൃതിയിലുള്ള ഡിആർഎൽ മോട്ടിഫുമാണ് ഫ്രണ്ട് ഡിസൈനിൽ കൊടുത്തിരിക്കുന്നത്. വലിയ മോഡലായെങ്കിലും അതിൻ്റെ പരുക്കൻ ഭാവം വർധിപ്പിക്കുന്നതിന് പുതിയ ബോഡി വർക്ക്, ബ്ലാക്ക് റൂഫിൽ ഓപ്‌ഷണൽ ഡ്യുവൽ-ടോൺ നിറം, വശങ്ങളിൽ ഡാസിയയുടെ 'സ്റ്റാർക്കിൽ' മെറ്റീരിയൽ, ലോവർ ബമ്പറുകൾ, മെച്ചപ്പെട്ട സംരക്ഷണത്തിനായി വീൽ ആർച്ചുകൾ, ഓപ്‌ഷണൽ 19 ഇഞ്ച് വീലുകൾ, പുതിയ 'ഇൻഡിഗോ ബ്ലൂ' ഷേഡ് എന്നിവയെല്ലാമാണ് എസ്‌യുവിയെ കിടിലമാക്കുന്നത്.
പിൻഭാഗത്ത് ടെയിൽ ലാമ്പുകൾക്കും Y ആകൃതിയിലുള്ള ലൈറ്റുകളാണ് കൊടുത്തിരിക്കുന്നതും. 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ അത്യാവിശ്യം ഓഫ്-റോഡിംഗിനും ബിഗ്സ്റ്റർ കൊണ്ടുപോവാം. എസ്‌യുവിയിൽ ക്ലാസ്-ലീഡിംഗ് ഹെഡ്‌റൂമും ലെഗ്‌റൂമും ഉണ്ടെന്നാണ് ഡാസിയ അവകാശപ്പെടുന്നത്. 40:20:40 റിയർ സീറ്റ് സ്പ്ലിറ്റ് കോൺഫിഗറേഷനുമുണ്ട്. 667 ലിറ്റർ കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്ന ബൂട്ട് സ്പേസും ആകർഷകമാണ്.
അകത്തളത്തിലെ പ്രധാന കാര്യങ്ങളിലേക്ക് വന്നാൽ വേരിയൻ്റിനെ ആശ്രയിച്ച് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 7 ഇഞ്ച് അല്ലെങ്കിൽ 10 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഉണ്ട്. ഡാസിയ ബിഗ്സ്റ്ററിന് ADAS, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, വയർലെസ് ചാർജിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഡ്രൈവർ സീറ്റ്, പ്രീമിയം ആർക്കാമിസ് ഓഡിയോ സിസ്റ്റം തുടങ്ങിയ കിടിലൻ ഫീച്ചറുകളാൽ എസ്‌യുവി സമ്പന്നമാണ്.
എസി വെൻ്റുകളിലെ Y ആകൃതിയിലുള്ള ഘടകങ്ങൾ പോലെയുള്ള നിരവധി ഫീച്ചറുകൾ പുതുതലമുറ ഡസ്റ്ററിൽ നിന്ന് കടമെടുത്തതാണ്. 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 1.2-ലിറ്റർ ടർബോചാർജ്ഡ് ത്രീ-സിലിണ്ടർ എഞ്ചിനാണ് 7-സീറ്റർ എസ്‌യുവിയിലെ ആദ്യ എഞ്ചിൻ ഓപ്ഷൻ. 140 bhp പവറോളം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇതൊരു FWD ഓപ്ഷനാണ് നൽകുന്നതും.
ഫോർ-വീൽ-ഡ്രൈവ് വേരിയന്റും ഡാസിയ ബിഗ്‌സ്റ്ററിനുണ്ട്. ഫ്രണ്ട്-വീൽ-ഡ്രൈവ് മോഡലിൽ കാണപ്പെടുന്ന അതേ 1.2-ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലാണ് ഇത് നിർമിക്കുന്നത്. എന്നാൽ പവർ കണക്കുകളിൽ ചെറിയ വ്യത്യാസവുമുണ്ട്. ഓട്ടോ, സ്നോ, മഡ്, സാന്റ്, ഓഫ്-റോഡ്, ഇക്കോ അഞ്ച്-മോഡ് ടെറൈൻ കൺട്രോൾ സിസ്റ്റവും ഇതിന്റെ പ്രത്യേകതയാണ്. ചില ട്രിം ലെവലുകളിൽ ഹിൽ ഡിസെൻ്റ് കൺട്രോളും കൊടുത്തിട്ടുണ്ട്.