ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടം. ഏപ്രിലില്‍ യാത്രാ വാഹനങ്ങളുടെ മൊത്ത വ്യാപാരം റെക്കോര്‍ഡ് നേട്ടം കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) അറിയിച്ചു. എസ്യുവികള്‍ ഉള്‍പ്പെടെ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കാണ് രാജ്യത്ത് കൂടുതല്‍ ഡിമാന്‍ഡ്.
നിര്‍മാതാക്കളില്‍ നിന്നു ഡീലര്‍മാരിലേക്കുള്ള വാഹന നീക്കത്തില്‍ 1.3% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ 3,35,629 യൂണിറ്റുകളാണ് ഡീലര്‍മാരില്‍ എത്തിയത്. 2023 ഏപ്രിലില്‍ 3,31,278 യൂണിറ്റാണ് കമ്പനികള്‍ അയച്ചത്. യൂട്ടിലിറ്റി വാഹന വില്‍പനയില്‍ വര്‍ധന 21% ആണ്. കഴിഞ്ഞ മാസം വിറ്റത് 1,79,329 എണ്ണം. 2023 ഏപ്രിലില്‍ 1,48,005 എണ്ണം. എന്നാല്‍ കാറുകളുടെ വില്‍പന കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
96,357 എണ്ണമാണ് ഡീലര്‍മാരിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 1,25,758 എണ്ണമായിരുന്നു. വാന്‍ വില്‍പനയില്‍ 15% വര്‍ധനയുണ്ട്. കഴിഞ്ഞ മാസം 12,060 എണ്ണം ഡീലര്‍ഷിപ്പുകളിലെത്തി. 10,508 എണ്ണമായിരുന്നു 2023 ഏപ്രിലില്‍. ഇരുചക്ര മുച്ചക്ര വാഹന വില്‍പനയില്‍ 31% വര്‍ധനയുണ്ടെന്ന് സിയാം പറയുന്നു. 17,51,393 യൂണിറ്റുകളാണ് ഡീലര്‍മാരില്‍ എത്തിയത്.2023 ഏപ്രിലില്‍ വില്‍പന 13,38,588 യൂണിറ്റ്.