ന്യൂഡല്‍ഹി: കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്. അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നാണ് സൂചന. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നും റിപ്പോര്‍ട്ടുണ്ട്. പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുമ്പായി കമ്പനിയുടെ ആകെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഏതൊക്കെ വിഭാഗങ്ങളിലാണ് ആളുകളെ പിരിച്ചുവിടേണ്ടതെന്നും എത്ര പേരെ പിരിച്ചുവിടണമെന്നുമുള്ള കാര്യങ്ങളില്‍ ഉടന്‍ അന്തിമതീരുമാനമെടുക്കും.
അതേ സമയം പിരിച്ചുവിട്ടവര്‍ക്ക് പകരമായി കുറഞ്ഞ ശമ്പളത്തില്‍ പകരം ആളുകള്‍ക്ക് നിയമനം നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പളമുള്ളവരെയായിരിക്കും പിരിച്ചുവിടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ 3733 പേരാണ് ഒലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒല ക്യാബ്‌സ് കഴിഞ്ഞ ഏപ്രിലില്‍ ഇരുന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു.
പ്രാഥമിക ഓഹരി വില്‍പനയിലൂടെ 4,150 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) അംഗീകാരത്തിനായി ഐപിഒ പേപ്പറുകള്‍ സമര്‍പ്പിക്കും. സോഫ്റ്റ്ബാങ്ക് നിക്ഷേപമുള്ള കമ്പനിയാണ് ഒല. നിലവില്‍ ഒലയുടെ വിപണി മൂല്യം 1.9 ബില്യണ്‍ ഡോളറാണ്.