ലോകത്തെ ആദ്യ സി.എൻ.ജി. ബൈക്ക് നിരത്തിലിറക്കാൻ ബജാജ് ഓട്ടോ. 2024 ജൂണിൽ വാഹനം പുറത്തിറക്കുമെന്ന് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ് അറിയിച്ചു. മലിനീകരണം കുറഞ്ഞ സി.എൻ.ജി.യിൽ ഓടുന്ന (സമ്മർദിത പ്രകൃതിവാതകം) ബൈക്ക് ഇന്ധനച്ചെലവ് പകുതിയായി കുറയ്ക്കുമെന്നതാണ് പ്രത്യേകത.നിലവിൽ ബൈക്കിന്റെ നിരത്തിലെ പരിശോധനകൾ പുരോഗമിക്കുകയാണ്.ഇന്ധനക്ഷമതയിൽ കൂടുതൽ ശ്രദ്ധപുലർത്തുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള വാഹനം പുതിയ ബ്രാൻഡിലാകും അവതരിപ്പിക്കുക.മുച്ചക്രവാഹനങ്ങളിലും കാറുകളിലുംമറ്റും സി.എൻ.ജി. ടാങ്ക് ഘടിപ്പിക്കുക എളുപ്പമാണ്.
ബൈക്കിന്റെ രൂപകല്പനയിൽ സി.എൻ.ജി. ടാങ്ക് തയ്യാറാക്കുന്നതായിരുന്നു വലിയ വെല്ലുവിളിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്പാദനച്ചെലവ് കൂടുതലാണെന്നതിനാൽ സമാനമായ പെട്രോൾ ബൈക്കിനെക്കാൾ വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വാഹനത്തിന്റെ വിശദാംശങ്ങളോ വിലയോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. 20 വർഷംമുമ്പ് വിപണിയിൽ അവതരിപ്പിച്ച പൾസറിന്റെ വിൽപ്പന ഉടൻ 20 ലക്ഷം യൂണിറ്റിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
110 സി.സി. മോഡലിനെ അടിസ്ഥാനമാക്കിയാണ് സി.എൻ.ജി. ബൈക്ക് ഒരുങ്ങുന്നത്. സി.എൻ.ജിക്ക് പുറമെ, എൽ.പി.ജി, എഥനോൾ ചേർന്ന ഇന്ധനങ്ങൾ എന്നിവയിലും ഇരുചക്ര വാഹനങ്ങളും ക്വാഡ്രിസൈക്കിളുകളും എത്തിക്കുന്നതും കമ്പനിയുടെ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ബ്രൂസർ ഓഫ് ഇ101 എന്ന കോഡ്നെയിമിലാണ് ഈ സി.എൻ.ജി. മോട്ടോർസൈക്കിൾ നിർമിക്കുന്നതെന്ന് വിവരങ്ങളുണ്ടായിരുന്നു.
110 സി.സി. സെഗ്മെന്റിൽ വരുന്ന സി.എൻ.ജി. ബൈക്കുകളുടെ പ്രോട്ടോടൈപ്പുകൾ ഇതിനോടകം തന്നെ ബജാജ് നിർമിച്ചിട്ടുണ്ട്. സി.എൻ.ജി. കരുത്തിൽ എത്തുന്ന വാഹനം ഏതാണെന്ന് നിർമാതാക്കൾ അറിയിച്ചിട്ടില്ലെങ്കിലും സി.ടി. സീരീസിലെ മോഡലായിരിക്കുമെന്നാണ് വിലയിരുത്തൽ. പ്രതീവർഷം ഒന്ന് മുതൽ 1.2 ലക്ഷം യൂണിറ്റ് സി.എൻ.ജി. ബൈക്കുകളായിരിക്കും നിർമിക്കുക. വാഹനത്തിന്റെ ഡിമാന്റ് കണക്കിലെടുത്ത് ഇത് രണ്ടുലക്ഷം വരെ ഉയർത്താനുള്ള സംവിധാനവും ബജാജിന്റെ കൈവശമുണ്ട്.