ന്യൂഡൽഹി: ഇലക്ട്രിക് വാഹന ബ്രാൻഡായ ഏഥർ ഏറ്റവും പുതിയ ഇ-സ്കൂട്ടർ പുറത്തിറക്കി. റിസ്ത എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ മാർച്ച് 29 ന് 999 രൂപയ്ക്ക് ഓൺലൈനിലൂടെ ബുക്കിങ്ങ് ആരംഭിച്ചിരുന്നു. എന്നാൽ കമ്പനി ഔദ്യോഗികമായി ഈ മോഡൽ അവതരിപ്പിച്ചിരുന്നില്ല. 1.10 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ വാഹനം ബുക്ക് ചെയ്തവർക്കാകും ഈ വിലയിൽ ലഭിക്കുക.
പുതുതായി കമ്പനി റിസ്ത എക്‌സ്, റിസ്ത എസ് എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പരമാവധി വില 1.44 ലക്ഷം രൂപയാണ്.
ഒരൊറ്റ ചാർജിൽ 160 കിലോമീറ്റർ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു. 80 കിലോമീറ്റർ വരെ വേഗം ആർജിക്കാനും റിസ്തയ്ക്ക് സാധിക്കും. സിപ്, സ്മാർട്ട്എക്കോ എന്നീ രണ്ട് റൈഡ് മോഡുകൾ റിസ്തയിലുണ്ട്. മാജിക് ട്വിസ്റ്റ്ടിഎം, ഓട്ടോ ഹോൾഡ്ടിഎം, റിവേഴ്‌സ് മോഡ് എന്നീ റൈഡ് അസിസ്റ്റ് ഫീച്ചറുകളും കമ്പനി ഒരുക്കിയിരിക്കുന്നു.
കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് കമ്പനി പ്രധാനമായും ഈ മോഡലുകൾ നിർമ്മിച്ചിരിക്കുന്നത്. സ്കൂട്ടറിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ആവശ്യത്തിന് സ്ഥലം നൽകിയിട്ടുണ്ട്. സീറ്റിനടിയിൽ 34 ലിറ്ററാണ് സ്റ്റോറേജ് കപ്പാസിറ്റി. മികച്ച വലുപ്പമേറിയ സീറ്റാണ് റിസ്തയുടെ മറ്റൊരു പ്രത്യേകത. രണ്ടുപേർക്ക് സുഖകരമായി യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് സീറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. മുൻഭാഗത്ത് മൊബൈൽ ഉൾപ്പെടെ ചെറിയ സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്‌പേസ് നൽകിയിട്ടുണ്ട്.