സുബ്രഹ്മണ്യസ്വാമിയെ സ്തുതിക്കുന്ന സ്കന്ദഷഷ്ഠി കവചം നിത്യേന ജപിക്കുന്നത് ജീവിത വിജയം നേടുന്നതിന് ഉത്തമാണ്. അത്ഭുത ശക്തിയുള്ള ഈ തമിഴ് കീർത്തനം ശ്രീ മുരുകന്റെ മഹാഭക്തനായ ശ്രീ ദേവരാജ സ്വാമികൾ രണ്ടു നൂറ്റാണ്ട് മുൻപ് എഴുതിയതാണ്. സ്ക്ന്ദഭഗവാന്റെ അനുഗ്രഹത്താൽ അതിസുന്ദരവും ഭക്തി നിർഭരവുമായ അതിദിവ്യമായ ഈ സ്തുതിയിലെ നാലു വരിയെങ്കിലും കേൾക്കാത്ത ദ്രാവിഡ മക്കളും ഇത് ജപിക്കാത്ത ഹിന്ദു ഭവനങ്ങളും അപൂർവമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും വെല്ലുവിളികളും ദുരിതങ്ങളും പ്രശ്നങ്ങളും മറികടക്കാൻ ശ്രീകാർത്തികേയന്റെ ഭക്തരെ സഹായിക്കുന്ന സവിശേഷ പ്രാർത്ഥനയാണിത്.
കുറൾ വെൺപാ എന്നറിയപ്പെടുന്ന ആമുഖമായ നാല് വവരികളും കാപ്പ് എന്ന് അറിയപ്പെടുന്ന രണ്ടു വരി ധ്യാനവും ഉൾപ്പെടെ സ്കന്ദഷഷ്ഠി കവചത്തിൽ മൊത്തം 244 വരികളുണ്ട്. ഇത് പതിവായി ജപിച്ചാൽ നിത്യജീവിതത്തിലെ ദുരിതങ്ങൾക്കും ആധികൾക്കും അവസാനമുണ്ടാകും. ഷൺമുഖ ഭഗവാൻ ധനവും ഐശ്വര്യവും ആത്മീയോന്നതിയും നൽകി ഭക്തരെ അനുഗ്രഹിക്കും.
ആറ് ദിവസവും വ്രതം നോറ്റ് 6 തവണ വീതം ഈ കവചം ജപിച്ചാൽ സാക്ഷാൽ ഷൺമുഖ ഭഗവാന്റെ എല്ലാവിധ കൃപാ കടാക്ഷവും ലഭിക്കും. ജീവിത പ്രതിസന്ധികൾ പരിഹരിക്കപ്പെടും. സർവാനുഗ്രഹവും ഐശ്വര്യങ്ങളും ലഭിക്കും. ആറു ദിവസം വ്രതം നോൽക്കുന്നവർക്ക് ആരോഗ്യം, പ്രായം, ഇഷ്ടം എന്നിവ അനുസരിച്ച് ഈ കാലയളവിൽ ദിവസത്തിൽ ഒന്നോ രണ്ടോ നേരങ്ങളിൽ ആഹാരം കഴിക്കാം. സ്കന്ദഷഷ്ഠി കവചം പതിവായി ജപിച്ചാൽ അല്ലെങ്കിൽ ശ്രദ്ധാപൂർവം ശ്രവിച്ചാൽ ഇതൊരു കവചമായി മാറും. എല്ലാ കഷ്ടപ്പാടുകളിൽ നിന്നും വേദനകളിൽ നിന്നും എല്ലാത്തരം രോഗങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കും.