ശ്രീ ശങ്കരാചാര്യനാൽ വിരചിതമായ അച്യുതാഷ്ടകം പതിവായി ജപിച്ചാൽ ഭഗവാൻ ശ്രീ മഹാവിഷ്ണു സകല പുരുഷാർത്ഥങ്ങളും നൽകി അനുഗ്രഹിക്കുമെന്നാണ് വിശ്വാസം . അച്യുതനെന്നാൽ നാശമില്ലാത്തവൻ എന്നാണ് അർത്ഥം. അഷ്ടകം എട്ടാണ്. എട്ട് ശ്ലോകങ്ങളടങ്ങിയ അച്യുതസ്തുതി എന്നാണ് അച്യുതാഷ്ടകത്തിന്റെ അർത്ഥം. ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലുമെല്ലാം എട്ടിന് വലിയ പ്രാധാന്യമാണുള്ളത്. വിപരീതമെന്നും അഷ്ടകത്തിന് അർത്ഥമുണ്ട്.
മനുഷ്യരിലുള്ള എല്ലാ ദോഷങ്ങളെയും അകറ്റി നവോർജ്ജം പ്രദാനം ചെയ്യുന്നത് എന്ന് അഷ്ടകത്തെ വ്യഖ്യാനിക്കാം. ആദിശങ്കരാചാര്യരുടെ അതി മനോഹരമായ രചനകളിലൊന്നായാണ് അച്യുതാഷ്ടകത്തെ വിശേഷിപ്പിക്കുന്നത്. മഹാവിഷ്ണുവിനെയും അവതാരങ്ങളായ കൃഷ്ണനെയും രാമനെയും ഭജിക്കുന്നതിലൂടെ ഈ പ്രപഞ്ചസൃഷ്ടാവിനെ തന്നെയാണ് ആരാധിക്കുന്നത്. സർവവ്യാപിയായ, സർവശക്തനായ, സർവരക്ഷകനായ മഹാവിഷ്ണുവിനെ അച്യുതാഷ്ടകം ചൊല്ലി ആരാധിച്ചാൽ നമ്മുടെ ബോധത്തെ പരമാത്മാവിന്റെ തലത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇതിലൂടെ അറിവിന്റെ, ശക്തിയുടെ, ബോധത്തിന്റെ, അനുഗ്രഹത്തിന്റെ അഗാധമായ കടലിൽ മുങ്ങാംകുഴിയിട്ട അനുഭൂതി നമുക്ക് ലഭിക്കും. നാലു പുരുഷാർത്ഥങ്ങളും – ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ കരഗതമാകും. ഇത് ജപിക്കുന്നവർ ജീവിതത്തിൽ വഴി തെറ്റിപ്പോകില്ല. അവർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവരെയും സ്വാധീനിക്കാനാകും. അവരുടെ എല്ലാ മോഹങ്ങളും സാക്ഷാത്കരിക്കും. അവസാനം മോക്ഷവും ലഭിക്കും. ഈ സേ്താത്രം നിത്യവും ഭക്തിയോടും
ശ്രദ്ധയോടും ജപിക്കുക.