ഭവനത്തിൽ ശിവകുടുംബ ചിത്ര സാന്നിദ്ധ്യം ശുഭോർജ്ജം നിറയ്ക്കും. കുടുംബജീവിതം അതീവഹൃദ്യമായി വരച്ചു കാട്ടുന്നതാണ് ഈ ചിത്രം. ഇതിൽ മഹാദേവന്റെയും പാർവ്വതീ ദേവിയുടെയും ഇരുവശത്തായി പുത്രന്മാരായ ഗണപതിയും സുബ്രഹ്മണ്യനും ഉപവിഷ്ടരായിരിക്കുന്നു.
ശക്തി പഞ്ചാക്ഷരി മന്ത്രത്തിന്റെ ധ്യാനശ്ലോകത്തിൽ വർണ്ണിക്കുന്നത് ശിവകുടുംബത്തെയാണ്. ഈ ധ്യാനം അർത്ഥം മനസിലാക്കി നിത്യവും ജപിക്കുന്ന എല്ലാ വീട്ടിലും ഐക്യവും സ്നേഹവും ഐശ്വര്യവും കളിയാടും. ശക്തി പഞ്ചാക്ഷരി മന്ത്രവും ധ്യാനശ്ലോകവും ശിവകുടുംബ വന്ദന ശ്ലോകവും ജപിക്കുന്നതും ഐശ്വര്യം ഉണ്ടാകാൻ ഉത്തമമാണ്.
ശിവകുടുംബം മംഗളമാണ്. കുടുബ ജീവിതത്തിന്റെ അടിസ്ഥാന സങ്കൽപം എന്താവണമെന്ന് ശിവകുടുംബം നമ്മെ കാട്ടിത്തരുന്നു. മഹാദേവന്റെ വാഹനം കാളയാണ്. ദേവിയുടേത് സിംഹവും. ഒരാൾ മറ്റേയാളിന്റെ ഭക്ഷണം. ഗണപതിയുടെ വാഹനം എലിയും സ്കന്ദന്റെ വാഹനം മയിലുമാണ്. ശിവന്റെ കണ്ഠാഭരണമാണ് നാഗം. നാഗമാണ് മയിലിന്റെ ഭഷണം. നാഗത്തിന്റെ ഇര എലിയും എന്നിട്ടും അവയെല്ലാം ഒന്നിച്ചു ജീവിക്കുന്നത് കാണാം.
വൈവിധ്യമുള്ള ശിവകുടുംബത്തിൽ ഐക്യത്തിന്റെയും യോജിപ്പിന്റെയും ചൈതന്യം നില നിൽക്കുന്നു എന്ന് സാരം. കുടുബജീവിതത്തിന്റെ പവിത്രത എടുത്തുകാട്ടുന്ന ഈ ചിത്രം ഭവനത്തിൽ തീർച്ചയായും ഐശ്വര്യം പ്രദാനം ചെയ്യും. ശിവകുടുംബചിത്രം പൂജാമുറിയിൽ അല്ലെങ്കിൽ ഗൃഹത്തിന്റെ മുഖ്യ വാതിലിന് അഭിമുഖമായി വയ്ക്കണം. ചിത്രം വച്ചാൽ മാത്രം പോരാ എന്നും ശക്തി പഞ്ചാക്ഷരി ധ്യാനശ്ലോകവും മന്ത്രവും ശിവകുടുംബ വന്ദന ശ്ലോകവും ചൊല്ലി ഭക്തിപൂർവം ശിവകുടുംബത്തെ നമസ്കരിക്കണം. ഈ വിധം മഹാദേവനെയും പാർവതീദേവിയെയും സ്കന്ദനെയും ഗണപതിയേയും എന്നും സ്മരിച്ചാൽ കുടുംബത്തിൽ ഐക്യവും അഭിവൃദ്ധിയും വന്നുചേരും.