പഞ്ചമുഖ ഹനുമാനെ ആരാധിച്ചാൽ ഉടൻ ഫലം ലഭിക്കും

പഞ്ചമുഖ ഹനുമാനെ ആരാധിച്ചാൽ കാര്യസിദ്ധി ഉറപ്പാണെന്ന് വിശ്വസിക്കപ്പെടുന്നു.

author-image
Vishnupriya
New Update
as

മായാവികളായ അഹി – മഹി രാവണന്മാരെ നിഗ്രഹിച്ച് പാതാള ലോകത്തു നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ഹനുമാൻ സ്വാമി സ്വീകരിച്ച വിരാട് രൂപമായ പഞ്ചമുഖ ഹനുമാനെ ആരാധിച്ചാൽ വായൂവേഗത്തിൽ ആഗ്രഹസാഫല്യം ലഭിക്കുമെന്ന് മാത്രമല്ല സർവരക്ഷാകരവുമാണ്.

രാമനെയും ലക്ഷ്മണനെയും കാരാഗൃഹത്തിൽ അടച്ച അഹി -മഹി രാവണന്മാർ അവരുടെ കോട്ടവാതിലിന് പാതിവാനരനും പാതി ഉരഗവുമായ മകരധ്വജനെ കാവൽ നിറുത്തി. ഒരർത്ഥത്തിൽ ഹനുമാന്റെ പുത്രനാണ് മകരധ്വജൻ. ദ്രോണഗിരി പർവതവുമെടുത്ത് പറക്കുന്നതിനിടയിൽ സമുദ്രത്തിൽ പതിച്ച ഹനുമാന്റെ വിയർപ്പുതുള്ളിയിൽ നിന്നാണത്രേ മകരധ്വജൻ ജനിച്ചത്. 

പഞ്ചമുഖ ഹനുമാനെ ആരാധിച്ചാൽ കാര്യസിദ്ധി ഉറപ്പാണെന്ന് വിശ്വസിക്കപ്പെടുന്നു. പഞ്ചമുഖ ഹനുമാന് രാമേശ്വരത്ത് ഒരു ക്ഷേത്രവുമുണ്ട്. പഞ്ചമുഖഹനുമാന്റെ അഞ്ചുമുഖങ്ങളിൽ ഓരോന്നും ഓരോ ഫലങ്ങൾ നൽകുന്നവയാണ്. ഹനുമാൻ മുഖം, നരസിംഹമുഖം, ഗരുഡമുഖം, ഹയഗ്രീവമുഖം, വരാഹമുഖം എന്നിവയാണ് അഞ്ചു മുഖങ്ങൾ. ഇതിൽ കിഴക്കു മുഖം ഹനുമാൻ മുഖമായും പടിഞ്ഞാറുള്ള മുഖം ഗരുഡമുഖമായും തെക്കുള്ള മുഖം നരസിംഹമുഖമായും വടക്കുള്ള മുഖം വരാഹമുഖമായും മുകളിലേക്ക്‌ നോക്കുന്ന മുഖം ഹയഗ്രീവമുഖമായും കാണപ്പെടുന്നു.

കിഴക്കോട്ട് അഭിമുഖമായിട്ടുള്ള ഹനുമാന്റെ മുഖം ദർശിച്ചു പ്രാർത്ഥിച്ചാൽ ശത്രുക്കൾ നശിക്കും. ഇഷ്ട സിദ്ധി ലഭിക്കും. എപ്പോഴും എവിടെയും വിജയം ലഭിക്കും. പടിഞ്ഞാറുനോക്കിയുള്ള ഗരുഡമുഖം ദർശിച്ചാൽ പൂർവ്വജന്മവിനകളാലുള്ള രോഗങ്ങൾ, ചർമ്മരോഗങ്ങൾ, വിഷരോഗങ്ങൾ എന്നിവ പോകും. സകല സൗഭാഗ്യവും ലഭിക്കും. വടക്കോട്ട് നോക്കുന്ന വരാഹമുഖം ദർശിച്ചു പ്രാർത്ഥിച്ചാൽ തീരാക്കടങ്ങൾ, ദ്രവ്യനഷ്ടം, രോഗങ്ങൾ എന്നിവ മാറി മനസിന് ശാന്തിയും സമാധാനവും ലഭിക്കുന്നതിനൊപ്പം ധനസമൃദ്ധിയുമുണ്ടാകും. തെക്കോട്ടള്ള നരസിംഹമുഖം ദുഷ്ട‌ ദേവതകളാലും ആഭിചാരക്രിയകളാലും ഉണ്ടായ ദോഷങ്ങൾ നശിപ്പിക്കും. മേൽപ്പോട്ടു നോക്കുന്ന ഹയഗ്രീവമുഖം ദർശിച്ചു പ്രാർത്ഥിച്ചാൽ സകല വിദ്യകളിലും കലകളിലും പ്രാവീണ്യവും ജ്ഞാനവും ഭാവനാശേഷിയും വർദ്ധിക്കും.

പഞ്ചമുഖ ഹനുമാനെ സങ്കല്പിച്ച് പുഷ്പാഞ്ജലി നടത്തിയാൽ ആഗ്രഹസാഫല്യം ലഭിക്കും. മത്സ്യമാംസാദികളും ശാരീരിക ബന്ധവും ഒഴിവാക്കി ശുദ്ധിയോടെ ഹനുമദ് മന്ത്രങ്ങൾ ജപിച്ചാൽ അതിവേഗം ആഗ്രഹസാഫല്യം ലഭിക്കും.

panchamukha hanuman