ശ്രീലളിതാംബികാ ദേവിയുടെ വ്യത്യസ്ത ഭാവങ്ങളാണ് ദശ മഹാവിദ്യകൾ. ഈ ദേവതാ സങ്കല്പങ്ങൾ സൃഷ്ടി, സ്ഥിതി, സംഹാര, തിരോധാന ഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാമുഖി, ഛിന്നമസ്ത, ധൂമാവതി, മാംതംഗി, കമല എന്നീ ഭാവങ്ങളാണ് ദശ മഹാവിദ്യയ്ക്കുള്ളത്. ദേവീ ഭക്തർ നവരാത്രികാലത്ത് ദശമഹാ വിദ്യകളെ ആരാധിക്കുന്നത് പതിവാണ്. ഈ പത്ത് ഭാവങ്ങൾ സാക്ഷാൽ ലളിതാ പരമേശ്വരിയുടെ, മഹാദേവിയുടെ പൂർണ്ണതയായി വാഴ്ത്തപ്പെടുന്നു.
താന്ത്രിക ജ്യോതിഷത്തിൽ ദശമഹാവിദ്യകളെ നവഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതനുസരിച്ച് സൂര്യന്റെ പ്രതീകം ഭുവനേശ്വരിയാണ്. ചന്ദ്രൻ ഷോഢശി അഥവാ ത്രിപുരസുന്ദരിയെ സൂചിപ്പിക്കുന്നു. നവരാത്രിയുടെ ദേവതയായി ആരാധിക്കുന്നത് കാളിയെയാണ്. കാളീദേവിയെ ആരാധിച്ചാൽ ഒന്നിനും അല്ലലുണ്ടാകില്ല. ആരാധിക്കുന്നവനെ ദേവികൈവിടില്ലെന്നാണ് വിശ്വാസം . ക്രിയാശക്തി ആയതിനാൽ പ്രവർത്തി വിജയത്തിന് ദേവിയെ ഭജിക്കണം.
ശിവന്റെ മഹാകാലൻ എന്ന അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. മരണഭയത്തെ ഒഴിവാക്കാൻ മഹാകാളിയെ ഭജിക്കണം. ശാന്തസ്വരൂപിണിയായും രൗദ്രസ്വരൂപിണിയായും ദേവി വിരാജിക്കുന്നു. പുനർസൃഷ്ടിയുടെ ദേവതയും കാളിതന്നെയാണ്. ശനിദോഷം അനുഭവിക്കുന്നവർ കാളിയെ ഭജിക്കുന്നതിലൂടെ ദോഷങ്ങൾ നിശേഷം മാറും.