ഈശ്വരാധീനമുള്ള ചെടിയാണ് തുളസി. മുറ്റത്ത് തറയുണ്ടാക്കി തുളസി നട്ടുവളര്‍ത്തി നൂറ്റിയെട്ട് പ്രാവശ്യം ഗായത്രി ജപിച്ച് തീര്‍ത്ഥം തളിച്ച് തുളസികവചവും തുളസി അഷ്‌ടോത്തരവും ചൊല്ലി തൊഴുത് പ്രാര്‍ത്ഥിക്കണമെന്ന് പത്മപുരാണത്തിൽ പറയുന്നു. ചതുര്‍ത്ഥി, ദ്വാദശി, വെള്ളിയാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളില്‍ തുളസിക്കതിർ പറിക്കരുത്. തുളസിയുടെ മധ്യത്തില്‍ വിഷ്ണു സാന്നിദ്ധ്യമുള്ളതിനാല്‍ നഖം കൊള്ളാതെ നടുവിരല്‍ പെരുവിരൽ തുമ്പുകൊണ്ട് തടവിവേണം തുളസി നുള്ളിയെടുക്കുവാൻ. ആ സമയം ഭഗവാന്റെ നാമങ്ങള്‍ ഉരുവിടണം. അങ്ങനെ ഭഗവല്‍ നാമം ജപിച്ച് തുളസിക്കതിർ നുള്ളിയെടുത്താൽ പുണ്യം ലഭിക്കും.
പൂജകളില്‍ ശ്രേഷ്ഠമായ ഒന്നുണ്ടെങ്കില്‍ അത് തുളസിപൂജയാണ്. തുളസിയെ മനസ്സില്‍ ഓര്‍ത്താല്‍ മതി മുക്തി കിട്ടും എന്ന് പത്മപുരാണത്തിൽ പറയുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏറെ ഇഷ്ടത്തോടെയാണ് തുളസിമാല അണിയുന്നത്. വൃന്ദ എന്നാല്‍ തുളസി എന്നാണ് അര്‍ത്ഥം. വൃന്ദാവനത്തെയും കൃഷ്ണനേയും ആര്‍ക്കും വേർതിരിക്കാൻ കഴിയില്ല, അതിൽ അടങ്ങിയിരിക്കുന്നു തുളസി മാഹാത്മ്യം. ശ്രീകൃഷ്ണ ഭഗവാനെ മനസ്സില്‍ വിചാരിച്ച് തുളസിയെ പൂജിച്ചാല്‍ വിജയം സുനിശ്ചിതം. മനശ്ശാന്തിയും ഭഗവൻ ശ്രീകൃഷ്ണന്റെ കടാക്ഷവും ലഭിക്കാനും തുളസിപൂജ അത്യുത്തമമാണ്.