ദാരിദ്ര്യവും ശത്രുഭയവും അകറ്റാൻ ശ്രീകൃഷ്ണന്റെ എട്ടുനാമങ്ങൾ നിത്യവും ജപിക്കുന്നത് ഉത്തമമാണ്. അച്യുതൻ, കേശവൻ, വിഷ്ണു, ഹരി, സത്യം, ജനാർദ്ദനൻ, ഹംസം (ആത്മാവ്), നാരായണൻ എന്നീ എട്ട് നാമങ്ങളാണ് എന്നും ചൊല്ലേണ്ടത്. ഈ പറഞ്ഞ എട്ടുനാമങ്ങളും മൂന്നു സന്ധ്യയിലും ജപിച്ചാൽ ദാരിദ്ര്യവും ശത്രുഭയവും ഇല്ലാതാകും. മാത്രമല്ല, ദു:സ്വപ്നം സുസ്വപ്നമായി പരിണമിക്കുകയും നല്ല അനുഭവങ്ങൾ കരഗതമാകുകയും ചെയ്യും. ശ്രീകൃഷ്ണ ഭഗവാനിൽ ഉറച്ച ഭക്തിയുണ്ടാകുന്നതിനും ഗംഗയിൽ ജീവൻ വെടിഞ്ഞാൽ ലഭിക്കുമെന്ന് സങ്കല്പിക്കുന്ന പുണ്യം സിദ്ധിക്കുകയും ചെയ്യും. കൂടാതെ ബ്രഹ്മവിദ്യാ ലാഭവുമുണ്ടാകും. അതിനാൽ ഈ സ്‌തോത്രം പഠിച്ച് ജപിക്കേണ്ടതാണെന്ന് ഇതിന്റെ ഫലശ്രുതിയിൽ പറയുന്നു.
അച്യുതം കേശവം വിഷ്ണും
ഹരിം സത്യം ജനാർദ്ദനം
ഹംസം നാരായണം ചൈവ-
മേതന്നാമഷ്ടകം പഠേത്
ത്രിസന്ധ്യാ യ: പഠേന്നിത്യം
ദാരിദ്ര്യം തസ്യ നശ്യതി
ശത്രുസൈന്യക്ഷയം യാതി
ദു:സ്വപ്നം സുഖദോ ഭവേത്
ഗംഗായാം മരണം ചൈവ
ദൃഢാഭക്തിസ്തു കേശവേ
ബ്രഹ്മവിദ്യാ പ്രബോധം ച
തസ്മാന്നിത്യം പഠേന്നര: