അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ചിങ്ങത്തിലെ ശുക്ലപക്ഷ പ്രദോഷം

പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് വ്രതം പൂര്‍ത്തിയാക്കണം.

author-image
Vishnupriya
New Update
pa
Listen to this article
0.75x 1x 1.5x
00:00 / 00:00

ചിങ്ങത്തിലെ വെളുത്തപക്ഷ പ്രദോഷ വ്രതാചരണം കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും ഉത്തമമാണ് . ശിവപാർവ്വതിമാർ ഏറ്റവും കൂടുതൽ പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ ഉമാ മഹേശ്വരന്മാരുടെ മാത്രമല്ല എല്ലാ ദേവതകളുടെയും അനുഗ്രഹം നേടാനും ഈ വ്രതം നല്ലതാണ്.

പ്രദോഷ സന്ധ്യയിൽ ആനത്തോലുടുത്ത ശിവൻ, പാർവതിയെ രത്‌നപീഠത്തിലിരുത്തി മുന്‍പില്‍ ആനന്ദനടനമാടുന്നു എന്നാണ് സങ്കല്പം. ഈ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യം ഉണ്ടാകും. അതിനാലാണ് ത്രയോദശി തിഥിയിലെ പ്രദോഷ സന്ധ്യാവേളയില്‍ ശിവഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ പരാശക്തിയുടെയും മഹാദേവന്റെയും മറ്റ് എല്ലാ ദേവീദേവന്മാരുടെയും കടാക്ഷവും അനുഗ്രഹവും ലഭിക്കുക.

ഇക്കുറി ചിങ്ങത്തിലെ വെളുത്തപക്ഷ പ്രദോഷം വരുന്നത് 2024 സെപ്റ്റംബർ 15 ന് തിരുവോണ നാളിലാണ്. അസ്തമയത്തിന് തൊട്ടുമുമ്പും പിൻപുമായി വരുന്ന ഒന്നരമണിക്കൂർ വീതമുള്ള സമയമാണ് പ്രദോഷവേള; വൈകിട്ട് ഏകദേശം 4.30 മുതൽ 7:30 മണിവരെയുള്ള സമയം. തലേന്ന് ശനിയാഴ്ച ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം ഉപവാസം അനുഷ്ഠിക്കണം. പുലർച്ചേ കുളിച്ച് ശിവക്ഷേത്രദർശനം കൂവളപ്രദക്ഷിണം എന്നിവ ചെയ്ത് ശിവഭജനം നടത്തണം. വൈകുന്നേരം കുളിച്ച് പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കൂവളമാല, പിന്‍വിളക്ക് വഴിപാടുകള്‍ കഴിപ്പിക്കണം. 

പ്രദോഷ പൂജയിൽ പങ്കെടുത്ത് ഭഗവാന് കരിക്ക് നേദിക്കണം. പ്രദോഷപൂജ, ദീപാരാധന ഇവയ്ക്ക് ശേഷം ക്ഷേത്രത്തിൽ നിന്നും അവിലോ, മലരോ, പഴമോ കഴിച്ച് വ്രതം പൂര്‍ത്തിയാക്കണം. പകല്‍ യാതൊരു ഭക്ഷണവും കഴിക്കരുത്. ചില ചിട്ടകളില്‍ സന്ധ്യയോടെ വ്രതം മുറിക്കുന്നു. ചില സമ്പ്രദായത്തില്‍ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് പൂര്‍ത്തിയാക്കണം.

ദാരിദ്ര്യ ദു:ഖശമനം, കീർത്തി, ശത്രുനാശം, രോഗശാന്തി, സന്താനലബ്ധി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവ പ്രദാനം ചെയ്യാൻ കഴിയുന്ന ശിവപാർവതിമാരെ പ്രദോഷ ദിവസം വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി എല്ലാവിധ ഭൗതിക അഭിവൃദ്ധിയും ലഭിക്കും. ആദിത്യദശയുള്ളവർ ഈ വ്രതമെടുക്കുന്നത് കൂടുതൽ ഐശ്വര്യപ്രദമായിരിക്കും. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായി വന്നാൽ അവർ പതിവായി പ്രദോഷവ്രതം അനുഷ്ഠിക്കുന്നത് ഐശ്വര്യപ്രദവും കൂടുതൽ ഫലപ്രദവുമായിരിക്കും.

pradhosha vrutham