കർമ്മരംഗത്തെ തടസ്സങ്ങൾ ഒഴിവാക്കി ജോലിയിലും വ്യാപാരത്തിലും മുന്നേറാനും സർവൈശ്വര്യത്തിനും കാര്യസിദ്ധിക്കും കുടുംബത്തിന്റെ അഭിവൃദ്ധിക്കും ദുർഗ്ഗ ദേവിക്ക് കുങ്കുമാർച്ചന നടത്തുന്നത് ഉത്തമമാണ് . മംഗല്യതടസ്സം മാറുന്നതിനും കുങ്കുമാർച്ചന അതിവിശേഷമാണ്.
ജന്മനക്ഷത്രദിവസങ്ങളിലും ചൊവ്വ, വെള്ളി ദിവസങ്ങളിലും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ കുങ്കുമാർച്ചന നടത്തുന്നതിലൂടെ ദൃഷ്ടിദോഷം, ശത്രുശല്യം എന്നിവ ഒഴിഞ്ഞ് ജീവിതത്തിൽ അഭിവൃദ്ധി കൈവരും. ദേവീസ്വരൂപവും ദേവീ തത്ത്വത്തിന്റെ പ്രതീകവുമാണ് കുങ്കുമം. നെറ്റിക്ക് നടുവിലും, പുരിക മധ്യത്തിലും കുങ്കുമം തൊടാം. നടുവിരൽ കുങ്കുമം കൊണ്ടാണ് തൊടേണ്ടത്.
ചന്ദനത്തിനോട് കുങ്കുമം ചേർത്ത് തൊടുന്നത് വൈഷ്ണവ പ്രതീകവും കുങ്കുമം ഭസ്മത്തോട് ചേർത്ത് തൊടുന്നത് ശിവശക്തി പ്രതീകവും മൂന്നും ചേർത്ത് തൊടുന്നത് ത്രിപുരസുന്ദരീ സൂചകവുമാണ് കരുതുന്നത്. ചന്ദ്രന് ദുർഗ്ഗയും ചൊവ്വയ്ക്ക് ഭദ്രയും ശുക്രന് മഹാലക്ഷ്മിയും കേതുവിന്ചാമുണ്ഡിയും അധിദേവതകളാകുന്നു. ആ ദേവതകളുടെ ക്ഷേത്രങ്ങളിൽ കുങ്കുമാർച്ചന, കുങ്കുമാഭിഷേകം തുടങ്ങിയവ നടത്തി ആ കുങ്കുമം കൊണ്ട് നിത്യേന തിലകമണിയാവുന്നതാണ്.