പുതുവർഷത്തിൽ ഐശ്വര്യത്തോടെയും ഈശ്വരാധീനത്തോടെയും തുടക്കം കുറിക്കാൻ വിഷുവിനെ കാത്തിരിക്കുവാണ് മലയാളികൾ. മലയാളികൾക്ക് പുതുവർഷപ്പിറവിയാണ്. പുതുതായി വരുന്ന വർഷത്തിൻറെ മുഴുവൻ ഐശ്വര്യത്തിനുമായാണ് വിഷുക്കണി ഒരുക്കുന്നതും പുലർച്ചെ കണി കാണുന്നതും. വിഷുക്കണി പോലെ കൗതുകവും ഐശ്വര്യവും നിറഞ്ഞ മറ്റൊരു ആചാരമാണ് വിഷുകൈനീട്ടം നൽകുന്നത് . കുടുംബത്തിലെ മുതിർന്നവരാണ് പൊതുവെ കൈനീട്ടം കൊടുക്കേണ്ടത് .
വിഷുക്കണിയൊരുക്കുന്നതിന് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. പ്രകൃതിയിലെ സത്വഗുണമുള്ളവ മാത്രമേ വിഷു കണിയൊരുക്കുവാൻ എടുക്കാവൂ. കണിവയ്ക്കുന്നതിനുള്ള ഓട്ടുരുളി,നിലവിളക്ക്,വാൽക്കിണ്ടി എന്നിവയൊക്കെ വൃത്തിയുള്ളതായിരിക്കണം.ശ്രീകൃഷ്ണൻറെ വിഗ്രഹത്തിൻറെയോ ചിത്രത്തിൻറെയോ മുന്നിലാവണം കണിയൊരുക്കേണ്ടത്.
വീട്ടുമുറ്റത്തുള്ള പൂക്കൾ കൊണ്ട് മാലകോർത്തിടുന്നത് നല്ലതാണ്. കണിയൊരുക്കുന്ന ഓട്ടുരുളിയെ പ്രപഞ്ചത്തിൻറെ പ്രതീകമായി കണക്കാക്കുന്നു. അതിൽ പകുതിയോളം ഉണക്കലരി നിറച്ച് , ആദ്യം മ കണിവെള്ളരി വയ്ക്കുക. പിന്നീട് ചക്ക,നാളികേരം, മാങ്ങ,കദളിപ്പഴം,നാരങ്ങ,നെല്ലിക്ക എന്നിവയൊക്കെ വെയ്ക്കാം. ഗണപതിയുടെ ഇഷ്ടഭക്ഷണമായ ചക്കയും നാളികേരവും ദേവന്മാരിൽ പ്രഥമനായ ഗണപതിയുടെ പ്രതീകമായി കണക്കാക്കുന്നു. മാങ്ങ സുബ്രഹ്മണ്യൻറെയും കദളിപ്പഴം ഉണ്ണിക്കണ്ണൻറെയും ഇഷ്ട ഭോജനമാണ്. നാരങ്ങയും നെല്ലിക്കയും ലക്ഷ്മീ ദേവി സങ്കൽപ്പമായാണ് വയ്ക്കുന്നതാണ്.
ഓട്ടുരുളിയുടെ നടുക്കായി ശ്രീഭഗവതിയെ സങ്കൽപ്പിച്ചു കൊണ്ട് വാൽക്കണ്ണാടി വയ്ക്കുക. അതിൽ സ്വർണ്ണമാല ചാർത്തുക. വിഷുക്കണി കാണുമ്പോൾ സ്വന്തം മുഖവും കണ്ടുണരാൻ വേണ്ടിയാണ് കണ്ണാടി വെയ്ക്കുന്നത്.
വിഷുക്കണിയിൽ പ്രധാനിയായ കണിക്കൊന്നപ്പൂക്കളാണ് ഇനി വെക്കേണ്ടത്. ഏറ്റവും പ്രധാനമായ കണിക്കൊന്നപ്പൂക്കൾ വയ്ക്കുക. കണിവെള്ളരി മഹാവിഷ്ണുവിൻറെ മുഖമായും,കൊന്നപ്പൂക്കൾ കിരീടമായും വാൽക്കണ്ണാടി മനസ്സുമാണെന്നാണ് പുരാണങ്ങളിലെ സങ്കൽപ്പം.ഓട്ടുരുളിക്ക് തൊട്ടടുത്തായി ഓട്ടുതാലത്തിലായി പുതിയതോ അലക്കിയതോ ആയ കസവുമുണ്ട്,ഒരു ഗ്രന്ഥം (രാമായണം,ഭഗവദ്ഗീത), കുങ്കുമച്ചെപ്പ്,കണ്മഷി, ഒരു തളിർ വെറ്റിലയിൽ നാണയത്തുട്ടും പാക്ക് എന്നിവ വയ്ക്കുക. താലത്തിൽ നവധാന്യങ്ങൾ വയ്ക്കാവുന്നതാണ്. മഹാലക്ഷ്മീയുടെ പ്രതീകമായിട്ടാണ് സ്വർണവും നാണയങ്ങളും വെയ്ക്കുന്നത്. ഗ്രന്ഥം സരസ്വതിയെ സ്തുതിക്കുന്നു.
ശേഷം, നിലവിളക്കുവച്ചു വിളക്കെണ്ണയൊഴിച്ചു അഞ്ചുതിരിയിട്ടു വയ്ക്കുക. അടുത്തായി ചന്ദനത്തിരി, വാൽകിണ്ടിയിൽ ശുദ്ധജലം, പൂക്കൾ, കൊടിവിളക്ക് എന്നിവയും ഒരുക്കി വയ്ക്കുക. പുലർച്ചെ ദീപം തെളിയിക്കുമ്പോൾ നിഴൽ ശ്രീകൃഷ്ണ വിഗ്രഹത്തിൽ പതിക്കാത്ത രീതിയിൽ വേണം നിലവിളക്ക് വെക്കേണ്ടത്.
വിഷുപുലരിയിൽ ദീപപ്രഭയിൽ കണ്ണനെയും ധനവും ധാന്യങ്ങളും ഫലങ്ങളും കണികണ്ടുണർന്ന് സർവൈശ്വര്യം നിറഞ്ഞ ജീവിതം എല്ലാവർക്കും ലഭിക്കുന്നു.