തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് ചിലർക്ക് ദീപാവലി. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി.
ഉത്തര കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലക്ഷ്മിപൂജയ്ക്ക് വിശേഷപ്പെട്ട ദിവസമായും ദീപാവലി ആഘോഷിക്കുന്നു. പാലാഴി മഥനവേളയിൽ ദേവി അവതരിച്ച ദിനമായും ഇത് സങ്കല്പിക്കുന്നു. ദീപാവലിയുടെ തലേ ദിവസം ധന്വന്തരി പൂജയ്ക്ക് വളരെ വിശേഷമാണ്. രാവണ നിഗ്രഹ ശേഷം ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസമായും ഇത് ആചരിക്കുന്നു.
ശത്രുസംഹാരഭാവത്തിലുള്ള ശ്രീകൃഷ്ണമൂർത്തിയുടെ മന്ത്രജപങ്ങളാലാണ് കേരളത്തിൽ ദീപാവലി ദിവസം പവിത്രമാകുന്നത്. ഈ വർഷത്തെ ദീപാവലി 2023 നവംബർ 12 ഞായറാഴ്ചയാണ്. ദീപാവലി ദിവസം വ്രതമെടുക്കുന്നത് ഏറ്റവും പുണ്യകരമാണ്. തലേദിവസം അസ്തമയശേഷം വ്രതം തുടങ്ങുക. മത്സ്യമാംസാദികൾ പൂർണ്ണമായും ഉപേക്ഷിക്കുക. അരിയാഹാരം പാടില്ല. ലഘുഭക്ഷണം ആകാം.
ആരോഗ്യമുള്ളവർ ദീപാവലി ദിവസം പൂർണ്ണമായും ഉപവസിച്ച് വ്രതമെടുക്കുക. ദീപാവലിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. മൂന്നു ദിവസവും വിഷ്ണുക്ഷേത്രദർശനം നല്ലത്.
ബ്രാഹ്മമുഹൂർത്തത്തിൽ എണ്ണതേച്ചു കുളിക്കണം. ജലത്തിൽ ഗംഗാദേവിയുടെയും എണ്ണയിൽ ലക്ഷ്മീദേവിയുടെയും ചൈതന്യമുണ്ട് എന്നാണ് സങ്കല്പം. ദീപാവലി സ്‌നാനഫലമായി കാര്യതടസം, രോഗങ്ങൾ, ദാമ്പത്യക്ലേശം, അകാലമൃത്യുഭയം, ശത്രുദോഷം തുടങ്ങിയവ അകന്ന് അഭീഷ്ടസിദ്ധിയും എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. ദീപാവലി സ്നാനം കഴിഞ്ഞ് കോടി വസ്ത്രം ധരിച്ച് കഴിയുന്നത്ര തവണ ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരമന്ത്രം ജപിക്കണം. ജപം കഴിഞ്ഞ് വിഷ്ണുക്ഷേത്രദർശനം നടത്തണം. ശിരസിൽ തുളസി ധരിക്കണം. മദ്ധ്യാഹ്‌നത്തിൽ ഓം വിഷ്ണവേ നമ: എന്ന മന്ത്രം 3008 പ്രാവശ്യം ജപിക്കണം.