സകല വിശ്വത്തിന്റെയും നാഥനായ സാക്ഷാൽ മഹാദേവനെ സ്തുതിക്കുന്ന പ്രസിദ്ധ സ്തോത്രമാണ് വിശ്വനാഥാഷ്ടകം. വിശ്വസ്രഷ്ടാവും പരിപാലകനായ പരമശിവൻ കാശിനഗരത്തിൽ വാഴുന്നതായി കരുതി വണങ്ങുന്ന എട്ട് ശ്ലോകങ്ങളടങ്ങിയ സ്തോത്രമാണിത്. കാശീപുരാധീശ്വരൻ ശിവനും കാശീപുരാധീശ്വരീ അന്നപൂർണ്ണാദേവിയുമാണ്.
ഒട്ടനേകം ശിവഭക്തർ ഈ സ്തോത്രം നിത്യവും ജപിക്കുന്നു. വാരാണസിയുടെ, കാശിപുരത്തിന്റെ നാഥനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശിവന്റെ ഈ അഷ്ടകം ജപിക്കുന്നവർക്ക് സമ്പത്തും വിദ്യയും സുഖവും സന്തോഷവും കീർത്തിയും മാത്രമല്ല എല്ലാവിധ ഐശ്വര്യങ്ങളും ഇഹലോകവാസം കഴിഞ്ഞ് മോക്ഷവും ലഭിക്കുമെന്നാണ് വിശ്വാസം. കുളിച്ച് ശുദ്ധമായി എല്ലാ ദിവസവും രാവിലെ ഈ മന്ത്രം ചൊല്ലുന്നതാണ് ഉത്തമം.
ഈ സ്തോത്രം ശിവ സന്നിധിയിൽ വച്ച് ജപിക്കാൻ സാധിക്കുമെങ്കിൽ കൂടതൽ നല്ലത്. പ്രദോഷം, തിങ്കളാഴ്ച തുടങ്ങി ശിവ പ്രധാനമായ ദിവസങ്ങളിൽ ജപിക്കുന്നത് ഏറ്റവും ഗുണപ്രദമാണ്. ശിവഭഗവാന്റെ മാത്രമല്ല ശിവ കുടുംബത്തിന്റെ മുഴുവൻ അനുഗ്രഹം വിശ്വനാഥാഷ്ടകം ജപിക്കുന്നവരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് ആചാര്യന്മാർ പറയുന്നു.
വിശ്വനാഥാഷ്ടകം
ഗംഗാതരംഗരമണീയജടാകലാപം
ഗൗരീനിരന്തരവിഭൂഷിത വാമഭാഗം
നാരായണപ്രിയമനംഗമദാപഹാരം
വാരാണസീപുരപതിം ഭജ വിശ്വനാഥം
വാചാമഗോചരമനേകഗുണസ്വരൂപം
വാഗീശവിഷ്ണുസുരസേവിതപാദപീഠം
വാമേന വിഗ്രഹവരേണ കളത്രവന്തം
വാരാണസീപുരപതിം ഭജ വിശ്വനാഥം
ഭൂതാധിപം ഭുജഗഭൂഷണഭൂഷിതാംഗം
വ്യാഘ്രാജിനാംബരധരം ജടിലം ത്രിനേത്രം
പാശാങ്കുശാഭയവരപ്രദശൂലപാണിം
വാരാണസീപുരപതിം ഭജ വിശ്വനാഥം
ശീതാംശുശോഭിതകിരീടവിരാജമാനം
ഫാലേക്ഷണാനലവിശോഷിതപഞ്ചബാണം
നാഗാധിപാരചിതഭാസുരകര്‍ണ്ണപൂരം
വാരാണസീപുരപതിം ഭജ വിശ്വനാഥം
പഞ്ചാനനം ദുരിതമത്തമതംഗജാനാം
നാഗാന്തകം ദനുജപുംഗവപന്നഗാനാം
ദാവാനലം മരണശോകജരാടവീനാം
വാരാണസീപുരപതിം ഭജ വിശ്വനാഥം
തേജോമയം സഗുണനിര്‍ഗുണമദ്വിതീയം
ആനന്ദകന്ദമപരാജിതമപ്രമേയം
നാദാത്മകം സകളനിഷ്‌കളമാത്മരൂപം
വാരാണസീപുരപതിം ഭജ വിശ്വനാഥം
ആശാം വിഹായ പരിഹൃത്യ പരസ്യ നിന്ദാം
പാപേ രതിം ച സുനിവാര്യ മന: സമാധൗ
ആദായ ഹൃത്കമലമധ്യഗതം പരേശം
വാരാണസീപുരപതിം ഭജ വിശ്വനാഥം
രാഗാദിദോഷരഹിതം സ്വജനാനുരാഗ-
വൈരാഗ്യശാന്തിനിലയം ഗിരിജാസഹായം
മാധുര്യധൈര്യസുഭഗം ഗരളാഭിരാമം
വാരാണസീപുരപതിം ഭജ വിശ്വനാഥം