മഹാവിഷ്ണുവിനെപ്പോലെ മഹാദേവനെയും വീരഭദ്രൻ, ദക്ഷിണാമൂർത്തി തുടങ്ങി ആദിശങ്കരാചാര്യർ വരെ ശിവന്റെ അവതാരങ്ങളായി ആരാധിക്കപ്പെടുന്നു. ഈ ഓരോ അവതാരങ്ങൾക്കും അവതാര ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭക്തർ ഓരോരോ ആഗ്രഹസാഫല്യങ്ങൾക്ക് അനുസൃതമായ രൂപങ്ങളിലും ഭാവങ്ങളിലും ശ്രീ പരമേശ്വര ഭഗവാനെ ആരാധിക്കുന്നു. വിദ്യാവിജയത്തിനും ബുദ്ധിവികാസത്തിനും തൊഴിൽ ഭാഗ്യത്തിനും ദക്ഷിണാമൂർത്തിയായി ആരാധിക്കുമ്പോൾ രോഗദുരിതമകറ്റി ആയുസ്സ് വർദ്ധിപ്പിക്കാൻ മൃത്യുഞ്ജയ മൂർത്തിയായും ശത്രുക്കളെ നിഗ്രഹിക്കാൻ വീരഭദ്രനായും നൃത്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും മറ്റ് കലകളിലും വിജയിക്കുന്നതിന് നടരാജസങ്കല്പത്തിലും കുടുംബത്തിന്റെ ഐശ്വര്യത്തിനും ദാമ്പത്യ വിജയത്തിനും അർദ്ധനാശീശ്വര രൂപത്തിലും പിന്നെ പശുപതിയായും പ്രജാപതിയായും വൈദ്യനാഥനായുമെല്ലാം ശിവഭഗവാനെ ആരാധിക്കുന്നു.
ആഗ്രഹസാഫല്യത്തിന് മാത്രമല്ല കഷ്ടങ്ങളിലും ദുരിത ദു:ഖങ്ങളും ഉണ്ടാകുമ്പോൾ അതിൽ നിന്നുളള മോചനത്തിനും മഹാദേവനിൽ അഭയം പ്രാപിക്കാം. സർവ്വ രോഗങ്ങളേയും സർവ്വ വിഷമങ്ങളെയും അകറ്റുന്ന വൈദ്യനാഥനായ ശ്രീമഹാദേവനെ സ്തുതിക്കുന്ന പ്രസിദ്ധമായ സ്തോത്രമാണ് വൈദ്യനാഥാഷ്ടകം. ഇത് നിത്യവും പാരായണം ചെയ്യുന്നത് ആയുരാരോഗ്യസൗഖ്യം നേടാൻ നല്ലതാണ്. രാവിലെയോ വൈകിട്ടോ കത്തിച്ചു വച്ച നിലവിളക്കിന് മുമ്പിലിരുന്ന് വൈദ്യനാഥാഷ്ടകം ജപിച്ചാൽ ഗുരുതരമായ രോഗങ്ങളിൽ നിന്നു പോലും മുക്തി ലഭിക്കും.