സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം പ്രധാനമാണ്. രോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. ശരീരശുദ്ധിയും മന:ശുദ്ധിയും നാഗാരാധനയിൽ അനിവാര്യമാണ്. എങ്കിൽ മാത്രമേ ഇതിന് ശരിയായ ഫലം ലഭിക്കുകയുള്ളൂ.
ആയില്യം ദിവസം ക്ഷേത്രങ്ങളിൽ നൂറും പാലും കമുകിൻ പൂക്കുലയും കരിക്കും സമർപ്പണം ആയില്യപൂജ തുടങ്ങിയ വഴിപാടുകൾ കഴിപ്പിക്കാം. അന്ന് ക്ഷേത്രദർശനം നടത്തി നാഗാരാജാവിനെ തൊഴണം, മഞ്ഞൾപ്പൊടി അഭിഷേകം ചെയ്യുക, തിരിതെളിക്കുക എന്നിവയും നല്ലതാണ്. 2024 സെപ്തംബർ 1 ഞായറാഴ്ചയാണ് ചിങ്ങമാസത്തിലെ ആയില്യം പൂജ.
ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ,തിങ്കൾ എന്നിവയാണ് നാഗമന്ത്രങ്ങളുടെ ജപാരംഭത്തിന് ഉത്തമദിവസങ്ങൾ. നാഗമന്ത്രങ്ങൾക്ക് അത്ഭുതശക്തിയുണ്ട്. അതിവേഗം അനുഗ്രഹിക്കാനും അതുപോലെ തന്നെ നശിപ്പിക്കാനും നാഗങ്ങൾക്ക് കഴിയും. അതിനാൽ നാഗമന്ത്രങ്ങൾ വളരെ ശ്രദ്ധിച്ച് ഉപാസിക്കണം. വ്രതനിഷ്ഠയോടെ ജപിച്ചാൽ ഉറപ്പായും അത്ഭുതഫലം ഉണ്ടാകും.
എല്ലാവിധ ഐശ്വര്യവും സമൃദ്ധിയും അനുഭവിച്ചു വരുന്ന ഒരു വ്യക്തിയെപ്പോലും നശിപ്പിക്കാൻ നാഗശാപത്തിന് കഴിയും. നാഗശാപ സൂചന തോന്നിയാലുടൻ ഒരു ഉത്തമ ജ്യോത്സ്യനെയോ പൂജാരിയെയോ താന്ത്രികനെയോ സമീപിച്ച് ആവശ്യമായ പരിഹാരങ്ങൾ ചെയ്യണം. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തണം. മഞ്ഞൾ അഭിഷേകം നടത്തുക, പാലും പഴവും നിവേദിക്കുക എന്നിവ നല്ലതാണ്. ദോഷാധിക്യത്തിൽ നാഗർക്ക് പത്മമിട്ട് പ്രത്യേകമായി പൂജിക്കുക. സർപ്പബലി നടത്തുക. എല്ലാം ഉത്തമനായ ഒരു കർമ്മിയെക്കൊണ്ട് ചെയ്യിക്കുക.
വെട്ടിക്കോട്, മണ്ണാറശ്ശാല, പാമ്പുംമേക്കാട്, അത്തിപ്പറ്റ മന, നാഗംപൂഴിമന, ആമേടം ഇല്ലം, കോളപ്പുറം ഇല്ലം, പറമ്പൂർ മന, പെരളശേരി, മദനന്തേശ്വരം, പൂജപ്പുര നാഗർക്കാവ്, കളർകോട്, തിരുവനന്തപുരം അനന്തൻകാട് നാഗരാജക്ഷേത്രം, പൂജപ്പുര നാഗരുകാവ് തുടങ്ങിയവ കേരളത്തിലെ ചില പ്രധാന നാഗാരാധന സന്നിധികളാണ്.