സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി. കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി കാലമായി അറിയപ്പെടുന്നത് കാര്യവിജയമാണ് നവരാത്രിപൂജയുടെ പ്രധാനഫലം. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ പോലും നേരെയാക്കാൻ നവരാത്രി വ്രതം ഉത്തമമാണ്. ഭാഗ്യം തെളിയാനും ശത്രുദോഷ ദൃഷ്ടിദോഷങ്ങളകലാനും ഗുണകരമാണ്. ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളാണ് മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും.
ശത്രുദോഷത്തിനും ദൃഷ്ടിദോഷത്തിനും എതിരെയുള്ള കവചമായി ഉപയോഗിക്കാവുന്ന രൗദ്രശക്തിയാണ് കാളി, മഹാലക്ഷ്മി ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നൽകുന്നു മഹാസരസ്വതി എല്ലാ വിദ്യകളും നൽകുന്നു. കേരളത്തിൽ ആദ്യ മൂന്നു ദിവസങ്ങൾ ദുർഗ്ഗാ ദേവി സങ്കല്പത്തിലും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവി സങ്കല്പത്തിലും അവസാന ദിവസങ്ങളിൽ സരസ്വതി ദേവി സങ്കല്പത്തിലുമാണ് നവരാത്രി ആചരിക്കുന്നത്. 2024 ഒക്ടോബർ 3 നാണ് ഇക്കുറി നവരാത്രി ആരംഭം അന്ന് മുതലുള്ള 9 രാത്രികളാണ് നവരാത്രിയെങ്കിലും ഇത്തവണ തിഥിയിലെ ദൈർഘ്യം കാരണം 10 ദിവസം
വരും നവരാത്രി വിജയദശമി ദിവസമായ ഒക്ടോബർ 13 വരെ വ്രതമെടുക്കണം, 10, 11, 12, 13 തീയതികളാണ് ഏറ്റവും പ്രധാനം.
ദേവീ പൂജയ്ക്ക് ഏറ്റവും പ്രാധാന്യമുള്ള ഈ സമയത്ത് ഭക്തിയോടെ ദേവിയെ പൂജിച്ചാൽ എല്ലാ ആഗ്രഹങ്ങളും സാധിക്കും നവരാത്രി കാലത്ത് ദേവീ പൂജ ചെയ്താൽ ഒരു വർഷം മുഴുവൻ ദേവീ പൂജ ചെയ്ത ഫലം സിദ്ധിക്കും വിദ്യാവിജയം, സന്താനലാഭം, മംഗല്യഭാഗ്യം, ശത്രുനാശം, ദാരിദ്ര്യമുക്തി എന്നിവയൊക്കെ നവരാത്രി കാലത്തെ ദേവീ പൂജയിലൂടെ ലഭിക്കുന്നു.
പൂജവയ്പ്പ്, ആയുധ പൂജ, വിദ്യാരംഭം ഈ വർഷത്തെ പൂജവെപ്പ് 2024 ഒക്ടോബർ 10 (1200 കന്നി 24 ) വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രം തുറക്കുന്ന സമയം മുതലാണ്. അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ട് പൂജവയ്ക്കണം എന്ന നിയമപ്രകാരമാണിത്. പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന നാൾ രാവിലെയാകുന്നു. ഇത് പ്രകാരം 2024 ഒക്ടോബർ 13 (1200 കന്നി 27) ഞായറാഴ്ച രാവിലെയാണ് പൂജയെടുപ്പ്. പൂജയെടുപ്പിനു ശേഷം വിദ്യാരംഭം. ഒക്ടോബർ 12 ന് ശനിയാഴ്ച വൈകിട്ടാണ് മഹാനവമി,
ആയുധപൂജ.
നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി ദിവസം ഗ്രന്ഥങ്ങളും നവമി നാളിൽ പണിയായുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കണം. ദശമിനാൾ രാവിലെ വിദ്യാദേവതയായ സരസ്വതിയേയും വിവ്വേശ്വരനായ ഗണപതിയെയും ലോകഗുരുവായ ദക്ഷിണാമൂർത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണം ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കർമ്മവും എല്ലാം സ്വീകരിക്കുന്നു എന്നതാണ് തത്വം കർമ്മങ്ങൾ കൂടുതൽ ഊർജ്ജസ്വലതയോടെ പുനരാരംഭിക്കുക. കുട്ടികളെ ആദ്യമായി വിദ്യ കുറിപ്പിക്കുക, പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ പഠനം ശക്തമാക്കുക എന്നിവയെല്ലാമാണ് വിജയദശമിയുടെ ലക്ഷ്യം.