നെല്ലിക്ക ഒരു സിദ്ധഔഷധമായി കണക്കാക്കുന്നു. അയുര്‍വേദത്തിലുള്‍പ്പടെ പല മരുന്നുകള്‍ക്കും നെല്ലിക്ക ചേരുവയാണ്. പുരാണങ്ങളില്‍ പോലും നെല്ലിക്കയെ സംബന്ധിച്ച് ഐതീഹ്യമുണ്ട്. നെല്ലിമരത്തിന്റെ ചുവട്ടില്‍ ബ്രഹ്‌മാവും മധ്യത്തില്‍ മഹാവിഷ്ണുവും ശാഖകളില്‍ പരമശിവന്റെ സാന്നിധ്യവുണ്ടെന്ന് പറയുന്നു. പാലാഴി മഥനത്തിലൂടെ ദേവന്മാര്‍ അമൃത കുംഭം സ്വന്തമാക്കി അത് പാനം ചെയ്യുന്ന സമയത്ത് ഭൂമിയില്‍ പതിച്ച അമൃതിന്റെ തുള്ളികളാണ് നെല്ലിക്കയായി മാറിയതെന്നാണ് ഐതീഹ്യം. നെല്ലിക്കയും നെല്ലിമരവും ഭാഗ്യം പ്രദാനം ചെയ്യുന്ന വൃക്ഷമായി കരുതുന്നു. സമ്പത്തിന്റെ പ്രതീകമായിട്ടാണ് നെല്ലിക്കയെ കാണുന്നത്.
ആദി ശങ്കാരാചാര്യര്‍, ധര്‍മ്മം അപേക്ഷിച്ച് ചെന്നപ്പോള്‍ ദരിദ്രയായ വീട്ടമ്മ ആകെയുണ്ടായിരുന്ന നെല്ലിക്ക നല്‍കിയെന്നും, ആ വീട്ടിലെ ദാരിദ്രം മനസ്സിലാക്കി സ്വാമി ആ നിമിഷം മനനം ചെയ്ത് കനകധാര സ്‌തോത്രം ജപിക്കുകയും അതില്‍ സംപ്രീതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ സ്വര്‍ണ്ണ നെല്ലിക്ക വര്‍ഷിച്ചുവെന്നും വീട്ടമ്മയുടെ ദാരിദ്രദു:ഖം അകന്നുവെന്നും കഥകളുണ്ട്.
സമ്പത്തും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മിയ്ക്ക് ഏറ്റവും പ്രിയകരമായ വൃക്ഷവും ഫലവുമാണ് നെല്ലിമരവും നെല്ലിക്കയും. ത്രിമൂര്‍ത്തികളിലെ സ്ഥിതി-യുടെ (സൃഷ്ടി സ്ഥിതി സംഹാരം) അധിപനായ മഹാവിഷ്ണുവിന്റെ ചൈതന്യം നെല്ലിമരത്തില്‍ ഉണ്ടെന്നാണ് വിശ്വാസം. ഈ വൃക്ഷം വീടിന്റെ പരിസരത്ത് നട്ടുവളര്‍ത്തി പരിപാലിക്കുന്നത് കുടുംബത്തിലെ നിഷേധാത്മകതക്കളെ അകറ്റി ഗുണാത്മകമായ ഫലങ്ങളും ദാരിദ്രത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു.