മോദകപ്രിയൻ ഗണപതി

ആകാശത്ത് ഇത് കണ്ടുനിന്ന ചന്ദ്രൻ പരിഹാസപൂർവ്വം ചിരിച്ചു. ഇതിൽ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പ് പറിച്ച് ചന്ദ്രനെ എറിഞ്ഞശേഷം ചന്ദ്രനോട് ഗണേശപൂജാ ദിവസം നിന്നെ ആരും നോക്കാതെ പോകട്ടെയെന്ന് ശപിക്കുകയും ചെയ്തു.

author-image
Anagha Rajeev
New Update
modakam
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈന്ദവ വിശ്വാസ പ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി. ബുദ്ധിയുടെയും സിദ്ധിയുടെയും ഇരിപ്പിടവുമാണ് ഗണേശൻ. ഗണപതിയെ പ്രീതിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് മോദകം. ഭഗവാന്റെ ഇഷ്ടപ്പെട്ട മധുരപലഹാരമാണ് ഇത്. ഇതിൽ നിന്നാണ് ഗണപതിയ്‌ക്ക് ‘മോദകപ്രിയൻ’ എന്ന നാമം ലഭിച്ചത്. ആനന്ദത്തിന്റെ ചെറിയ ഭാഗമെന്നാണ് മോദകം എന്ന സംസ്‌കൃത പദത്തിന്റെ അർത്ഥം. വിനായക ചതുർത്ഥി സമയത്ത്, ഗണപതിയ്‌ക്ക് 21 അല്ലെങ്കിൽ 101 മോദകങ്ങൾ സമർപ്പിച്ചുകൊണ്ടാണ് പൂജ അവസാനിക്കുന്നത്. മോദകത്തിന് പിന്നിലൊരു കഥയുമുണ്ട്.

ഒരിക്കൽ ഗണപതിയുടെ നൃത്തം കാണാൻ ശ്രീപരമേശ്വരനും പാർവതിയ്‌ക്കും ആഗ്രഹമുണ്ടായി. തുടർന്ന് ഗണപതി നൃത്തം ചെയ്തു. ഇതിൽ സംപ്രീതരായ ഇരുവരും ഗണപതിയ്‌ക്ക് പ്രിയപ്പെട്ട മോദകം ഉണ്ടാക്കി കൊടുത്തു. ഇത്തരത്തിൽ ഗണേശ ഭഗവാനെ പ്രീതിപ്പെടുത്താനായി ജന്മദിനത്തിൽ മോദകം ഉണ്ടാക്കി സമർപ്പിക്കുന്നു. ഒരു ജന്മദിനത്തിൽ ഗണപതി വീടുകൾ തോറും സഞ്ചരിച്ച് ഭക്തർ അർപ്പിച്ച മോദകവും ഭക്ഷിച്ച് രാത്രിയിൽ തന്റെ വാഹനമായ മൂഷികന്റെ പുറത്തുകയറി വീട്ടിലേക്ക് തിരിച്ചു. യാത്രയ്‌ക്കിടെ പാമ്പിനെ കണ്ട എലി ഭയന്ന് വിറച്ച് തുടങ്ങി. ഈ സമയം മുകളിലിരുന്ന ഗണപതി തെറിച്ചുവീണു. ഇതോടെ ഗണപതിയുടെ വയറുപൊട്ടി കഴിച്ച മോദകമെല്ലാം പുറത്തുവന്നു. പിന്നാലെ വീണ മോദകമെല്ലാം ഗണപതി തിരികെ വയറ്റിലേക്ക് തന്നെ തിരുകി കയറ്റി. തുടർന്ന് ആ പാമ്പിനെ പിടിച്ച് വയറിന് ചുറ്റും വെള്ളയെന്ന പോലെ ബലമായി കെട്ടിവെച്ചു.

ആകാശത്ത് ഇത് കണ്ടുനിന്ന ചന്ദ്രൻ പരിഹാസപൂർവ്വം ചിരിച്ചു. ഇതിൽ ക്ഷുഭിതനായ ഗണപതി തന്റെ കൊമ്പ് പറിച്ച് ചന്ദ്രനെ എറിഞ്ഞശേഷം ചന്ദ്രനോട് ഗണേശപൂജാ ദിവസം നിന്നെ ആരും നോക്കാതെ പോകട്ടെയെന്ന് ശപിക്കുകയും ചെയ്തു.

ഭഗവാനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചടങ്ങുകളിലെല്ലാം മോദകം ഉപയോഗിക്കുന്നു. മോദകത്തിന്റെ ഉള്ളിലെ മധുരം നിറയ്‌ക്കുന്നത് പുതുതായി അരച്ച തേങ്ങയും ശർക്കരയും ഉപയോഗിച്ചാണ്. ചിലപ്പോൾ അവലും ഉൾപ്പെടുത്താറുണ്ട്.
അതേസമയം പുറം തോട് അരിപ്പൊടി അല്ലെങ്കിൽ ഗോതമ്പ് പൊടിയോ മൈദയോ ഉപയോഗിക്കുന്നു. രണ്ടുതരം മോദകമാണ് ഉള്ളത്, ആവിയിൽ വേവിച്ച മോദകവും വറുത്ത മോദകവും.

ഏതാണ്ടെല്ലാ വിനായക ക്ഷേത്രങ്ങളിലും മോദകം ഒരു പ്രധാന വഴിപാടാണ്. ഉദ്ദിഷ്ട കാര്യസിദ്ധിയ്‌ക്കായും ആവശ്യം നടന്ന ശേഷം സന്തോഷം പ്രകടിപ്പിക്കാനും വിശ്വാസികൾ ഗണപതിക്ക്‌ മോദകം വഴിപാടായി നേദിക്കാറുണ്ട്.

Astrology News