എന്‍ക്രിപ്ഷന്‍ ഒഴിവാക്കേണ്ടി വന്നാല്‍ ഇന്ത്യ വിടുമെന്ന് വാട്‌സാപ്പ്

തങ്ങള്‍ ഉറപ്പുനല്‍കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ക്കുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും കാരണമാണ് ആളുകള്‍ വാട്സാപ്പ് ഉപയോഗിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

author-image
anumol ps
New Update
whatsapp

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00







ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയില്‍ സേവനം അവസാനിപ്പിക്കുമെന്ന വ്യക്തമാക്കി വാട്സാപ്പ്. ഡല്‍ഹി ഹൈക്കോടതിയിലാണ് വാട്സാപ്പിനായി ഹാജരായ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങള്‍ ഉറപ്പുനല്‍കുന്ന സ്വകാര്യതയും സന്ദേശങ്ങള്‍ക്കുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും കാരണമാണ് ആളുകള്‍ വാട്സാപ്പ് ഉപയോഗിക്കുന്നതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

മെസേജിങ് ആപ്പുകളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പിന്തുടരാനും അവയുടെ ആദ്യ ഉറവിടം കണ്ടെത്താനും കമ്പനികള്‍ സംവിധാനം ഒരുക്കണമെന്നുള്ള 2021 ഐടി നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുകൊണ്ട് വാട്സാപ്പും മാതൃസ്ഥാപനമായ മെറ്റയും നല്‍കിയ ഹര്‍ജിയില്‍ വാദം നടക്കവെയായിരുന്നു കമ്പനി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മന്‍മീത് പ്രീതം സിങ് അറോറ എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.

2021 ഫെബ്രുവരി അഞ്ചിനാണ് ഐടി നിയമം (ഇന്റര്‍മീഡിയറി ഗൈഡ്ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കണം.

2021 ലെ ഐടി ആക്ടിനെതിരെ വിവിധ ഹൈക്കോടതികളില്‍ വന്ന ഹര്‍ജികളെല്ലാം ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റിക്കൊണ്ട് സുപ്രീംകോടതി മാര്‍ച്ച് 22 ന് ഉത്തരവിട്ടിരുന്നു. ഈ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷം ഓഗസ്റ്റ് 14 ന് മെറ്റയുടെയും വാട്സാപ്പിന്റെയും ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. കര്‍ണാടക, മദ്രാസ്, കൊല്‍ക്കത്ത, കേരള, ബോംബെ ഹൈക്കോടതികളില്‍ 2021ലെ ഐടി നിയമത്തിനെതിരായി ഹര്‍ജികള്‍ വന്നിട്ടുണ്ട്.

 

india whatsapp encryption