പത്തനംതിട്ട: പരമദ്രോഹമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടകരോട് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കാന്‍ സര്‍ക്കാരിന് മടിയില്ലെങ്കിലും അവഗണന തുടരുകയാണെന്നും പത്തനംതിട്ടയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. തീര്‍ത്ഥാടകര്‍ക്ക് നരകയാതനയാണ് അനുഭവിക്കേണ്ടി വരുന്നത്. ദേവസ്വം ബോര്‍ഡ് പൂര്‍ണപരാജയമാണ്. കുടിവെള്ളം പോലും കിട്ടാതെ കുഞ്ഞു മാളികപ്പുറം കുഴഞ്ഞുവീണ് മരിക്കുന്ന സാഹചര്യം പോലുമുണ്ടായി. കുടിവെള്ളം കിട്ടാതെ തീര്‍ത്ഥാടകര്‍ വലയുന്നത് അധികൃതരുടെ മുനുഷ്യത്വരഹിതമായ സമീപനം കാരണമാണ്.
പരിചയമില്ലാത്ത പൊലീസുകാരെ പതിനെട്ടാംപടിയില്‍ നിയമിച്ചത് തിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി. മിനുട്ടില്‍ 80 മുതല്‍ 100 വരെ അയ്യപ്പന്‍മാരെ പതിനെട്ടാംപടി കയറ്റിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 40 പേരെയൊക്കെയാണ് കയറ്റുന്നത്. പൊലീസും ദേവസ്വം ബോര്‍ഡും തമ്മില്‍ ശീതസമരമാണ് യഥാര്‍ത്ഥ പ്രശ്‌നത്തിന് കാരണം.
തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നും സന്നിധാനത്തില്ല. കാത്തിരിപ്പ് കേന്ദ്രങ്ങളും വിശ്രമ മന്ദിരങ്ങളുമില്ല. മാളികപ്പുറങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പമ്പയും നിലയ്ക്കലും സന്ദര്‍ശിച്ച ബിജെപി സംഘം സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്താത്തതും അടിസ്ഥാന പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. അന്നദാനവും കുടിവെള്ളവും അയ്യപ്പഭക്തന്‍മാര്‍ക്ക് നല്‍കിയിരുന്ന സന്നദ്ധ സംഘടനകളെ ഹോട്ടല്‍ ലോബിക്ക് വേണ്ടി സര്‍ക്കാര്‍ വിലക്കിയതിന്റെ ഫലമാണ് ഇപ്പോള്‍ ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സാഹചര്യമുണ്ടായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.