എറണാകുളത്തും പോളിംഗ് ശതമാനത്തിൽ ഇടിവ്; കോൺഗ്രസ് ശക്തി കേന്ദ്രത്തിൽ മാത്രം കുറഞ്ഞത് 10 ശതമാനത്തോളം

ഏറ്റവും കുറവ് പോളിംഗ് രേഖ‌പ്പെടുത്തിയത് യുഡിഎഫിൻറെ ഏറ്റവും വലിയ ശക്തികേന്ദ്രമായ എറണാകുളം നിയോജക മണ്ഡലത്തിലാണ്. എറണാകുളം നിയോജക മണ്ഡലത്തിൽ  10 ശതമാനത്തോളം പോളിംഗ് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

author-image
Greeshma Rakesh
New Update
loksdabha

Hibi Eden, K J Shine, K S Radhakrishnan

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ  എറണാകുളത്തും  പോളിംഗ് ശതമാനത്തിൽ ഇടിവ്.യുഡിഎഫിൻറെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിക്കുന്ന എറണാകുളത്ത് 2019 നേക്കാൾ 9 ശതമാനത്തിലധികമാണ് ഇത്തവണ പോളിംഗിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.

77.64 ശതമാനം ആയിരുന്നു 2019ൽ പോൾ ചെയ്ത വോട്ടുകളെങ്കിൽ ഇത്തവണ 68.27 ശതമാനം മാത്രമാണ് എറണാകുളത്തെ ഔദ്യോഗിക പോളിംഗ് കണക്ക്.ഏറ്റവും കുറവ് പോളിംഗ് രേഖ‌പ്പെടുത്തിയത് യുഡിഎഫിൻറെ ഏറ്റവും വലിയ ശക്തികേന്ദ്രമായ എറണാകുളം നിയോജക മണ്ഡലത്തിലാണ്. എറണാകുളം നിയോജക മണ്ഡലത്തിൽ  10 ശതമാനത്തോളം പോളിംഗ് കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

നഗരത്തിൽ താമസിക്കുന്നവർ വോട്ട് ചെയ്യാൻ മടിച്ചതാണോ? അതോ കടുത്ത ചൂടാണോ കാരണമെന്നതുൾപ്പെടെ യുഡിഎഫ് പരിശോധിക്കും.   ശക്തികേന്ദ്രത്തിൽ പോളിംഗ് കുറഞ്ഞത് തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് യുഡിഎഫിന് ആശങ്കയുണ്ടാക്കുമെന്നതിൽ സംശയമില്ല.സിറ്റിംഗ് എംപി കൂടിയായ യുഡിഎഫിൻറെ ഹൈബി ഈഡനും എൽഡിഎഫിൻറെ കെ ജെ ഷൈനും തമ്മിലാണ് എറണാകുളം ലോക്‌സഭ മണ്ഡലത്തിൽ പ്രധാന മത്സരം നടന്നത്.

ഡോ. കെ എസ് രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർഥി. ട്വൻറി 20 കിഴക്കമ്പലത്തിനും എറണാകുളത്ത് സ്ഥാനാർഥിയുണ്ട്. അഡ്വ. ആൻറണി ജൂഡാണ് മത്സരിക്കുന്നത്. 2019ൽ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ 1,69,053 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിലാണ് എറണാകുളത്ത് വിജയിച്ചത്. 2019ൽ 9,67,390 പേർ വോട്ട് ചെയ്തപ്പോൾ ഹൈബി ഈഡന് 4,91,263 ഉം, എൽഡിഎഫിൻറെ പി രാജീവിന് 3,22,210 ഉം, എൻഡിഎയുടെ അൽഫോൻസ് കണ്ണന്താനത്തിന് 1,37,749 ഉം വോട്ടുകളാണ് ലഭിച്ചത്. 

വി വിശ്വനാഥ മേനോനും എൽഡിഎഫ് പിന്തുണയിൽ സേവ്യർ അറക്കലും സെബാസ്റ്റ്യൻ പോളും വിജയിച്ചത് മാറ്റിനിർത്തിയാൽ കോൺഗ്രസിൻറെ ഉരുക്കുകോട്ടയാണ് എറണാകുളം ലോക്‌സഭ മണ്ഡലം. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തൂറ, എറണാകുളം, തൃക്കാക്കര നിയോജക മണ്ഡലങ്ങളാണ് എറണാകുളം ലോക്സഭ മണ്ഡലത്തിൽ വരുന്നത്. ലാറ്റിൻ കത്തോലിക്ക വോട്ടുകൾ മണ്ഡലത്തിൽ നിർണായകമാണ്. 

 

loksabha election 2024 Ernakulam Lok Sabha Constituency Hibi Eden KJ Shine