ഇറാന് തിരിച്ചടി നല്‍കി ഇസ്രയേല്‍; വ്യോമാക്രമണത്തില്‍ പ്രതികരിക്കാതെ ഇസ്രയേല്‍

ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്

author-image
Rajesh T L
New Update
israel air strike in iran
Listen to this article
0.75x 1x 1.5x
00:00 / 00:00

തെഹാറാന്‍: ഭയപ്പെട്ടത് തന്നെ സംഭവിച്ചു; ഇസ്രയേല്‍ തിരിച്ചടിച്ചു. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസഫഹാന്‍ പ്രവിശ്യയിലെ സൈനികത്താവളത്തിന് സമീപമായി നിരവധി സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.

സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ടുപോവുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ ആണ് ഇസ്രയേലിനു മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍, തരിച്ചടിക്കും എന്ന സൂചനയാണ് ഇസ്രയേല്‍ നടത്തിയത്. പിന്നാലെയാണ് ഇസ്രയേല്‍ ഇറാനില്‍ വ്യോമാക്രമണം നടത്തിയത്. 

ഇസ്ഹാന്‍ പ്രവിശ്യയില്‍ ഇസ്രയേല്‍ ലക്ഷ്യമിടുന്നതിനു ഒരു കാരണമുണ്ട്. ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ ഇസ്ഫഹാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, നിലവില്‍ ഈ ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, സംഭവത്തില്‍ ഇസ്രയേല്‍ സൈന്യം പ്രതികരിച്ചില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന്, ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു ഇസ്രയേലിന്റെ മറുപടി. വ്യോമാക്രമണത്തെ തുടര്‍ന്ന് ഇറാന്‍ നഗരങ്ങളായ ടെഹ്‌റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവച്ചു.

തിരിച്ചടിക്കരുതെന്ന അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. ഇറാനെ തിരിച്ചടിച്ചാല്‍ ഇസ്രായേലിനെ പിന്തുണക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.

സൈനിക ശക്തിയില്‍ ഊറ്റം കൊളളുന്ന ഇസ്രയേലിനേറ്റ അപ്രതീക്ഷിത പ്രഹരമായിരുന്നു ഇറാന്റെ ആക്രമണം. ഇസ്രയേലിനെതിരെ കനത്ത വ്യോമാക്രമണമാണ് ഇറാന്‍ നടത്തിയത്. 

ഏപ്രില്‍ ഒന്നിന് സിറിയയിലെ കോണ്‍സുലേറ്റിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേലിനെതിരെ ശനിയാഴ്ച ഇറാന്‍ ആക്രമണം നടത്തിയത്. പിന്നാലെ ഇനി ആക്രമണം തുടരാണ് താല്‍പര്യമില്ലെന്നാണ് ഇറാന്‍ പ്രസിഡന്റ് അറിയിച്ചത്. ശത്രുവിനെ പാഠം പഠിപ്പിച്ചു. ഇനി ആക്രമണമില്ല. എന്നാല്‍, ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഏപ്രില്‍ ഒന്നിന് ദമാസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന് നിയമാനുസൃതമായ മറുപടിയെന്നാണ് ആക്രമണത്തെ കുറിച്ച് ഇറാന്‍ പറഞ്ഞത്. യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങള്‍ ആക്രമിച്ചാല്‍, പ്രത്യാക്രണമത്തിന് ഏതൊരുരാജ്യത്തിനും അവകാശമുണ്ടെന്നും ഇറാന്‍ അവകാശപ്പെട്ടു.

ഇനിയും ആക്രമണത്തിന് മുതിര്‍ന്നാല്‍ ഇറാനില്‍ നിന്ന് വലിയ പ്രതികരണമുണ്ടാകുമെന്ന് ഇറാനിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബാഖരി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രയേലിനെ ആക്രമണത്തില്‍ പിന്തുണച്ചാല്‍ അമേരിക്കയുടെ പശ്ചിമേഷ്യയിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്നും ഇറാന്‍ ഭീഷണി മുഴക്കി. ഇറാനെതിരെ കൂടുതല്‍ സൈനിക നടപടികള്‍ വേണ്ടെന്ന നിലപാടാണ് ബൈഡന്‍ ഭരണകൂടത്തിനുള്ളത്.

ഗാസയില്‍ ഇസ്രയേല്‍ പ്രതിരോധ സേന നടത്തുന്ന വംശഹത്യാ സമാനമായ ആക്രമണങ്ങള്‍ക്കെതിരേയുള്ള പ്രതിരോധമെന്ന നിലയില്‍, ഹൂതികളും ഹിസ്ബുള്ളയും ഇസ്രയേലിനെതിരേ പ്രത്യാക്രമണങ്ങള്‍ നടത്തുന്നുണ്ട്. ലബനീസ് അതിര്‍ത്തിയില്‍ നിന്നും ചെങ്കടലില്‍ നിന്നുമാണ് പ്രധാനമായും ഇസ്രയേല്‍ ഭീഷണി നേരിടുന്നത്. 

തങ്ങള്‍ക്കെതിരേ മിഡില്‍ ഈസ്റ്റില്‍ നിന്നുണ്ടാകുന്ന തിരിച്ചടികള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്നത് ഇസ്രയേലിന്റെ തുടക്കം മുതലുള്ള ആരോപരണമാണ്. അമേരിക്കയും മറ്റു പാശ്ചാത്യ സഖ്യകക്ഷികളും ഇക്കാര്യത്തില്‍ ഇസ്രയേലിനൊപ്പം നിന്ന് ഇറാനെ കുറ്റപ്പെടുത്തുന്നവരാണ്. മറുഭാഗത്ത്, ഇറാന്‍ ആരോപിക്കുന്നത് അമേരിക്കയും ഇസ്രയേലും യുകെയുമെല്ലാം ചേര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുകയാണെന്നാണ്.

ഇസ്രയേലിനെതിരെ ലബനനില്‍ നിന്ന് ഹിസ്ബുല്ലയും സിറിയയില്‍ നിന്ന് ഹൂതികളും നടത്തുന്ന ആക്രമണത്തിന് മറുപടിയായാണ് സിറിയയിലെ ഇറാന്റെ കോണ്‍സുലേറ്റ് ഈ മാസം ഒന്നിന് ഇസ്രയേല്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഇറാന്റെ ഒരു ജനറല്‍ ഉള്‍പ്പെടെ 7 സൈനികോദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രതികാരമായിട്ടാണ് ഇറാന്‍, ഇസ്രായേലിനെ ആക്രമിച്ചത്.

110 ബാലിസ്റ്റിക് മിസൈലുകളും 36 ക്രൂസ് മിസൈലുകളും ഡ്രോണുകളുമായി 300 ആയുധങ്ങളാണ് ഇറാന്‍ ഇസ്രയേലിലേക്ക് തൊടുത്തത്. ഇവയില്‍ 6 മിസൈലുകളും 80 ഡ്രോണുകളും പശ്ചിമേഷ്യന്‍ പ്രദേശത്തുള്ള യുഎസ് സൈന്യവും ബ്രിട്ടിഷ് വ്യോമസേനയും ചേര്‍ന്നു തകര്‍ത്തു.

 

 

iran america israel Palestine gaza